ആലുവ: കോവിഡ് സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം നടക്കാനിരിക്കുന്ന ആലുവ മഹാശിവരാത്രി മഹോത്സവത്തിന് ഒരുക്കം അവസാന ഘട്ടത്തിൽ. ശനിയാഴ്ച ശിവരാത്രിക്കും തുടർന്ന് നടക്കുന്ന വ്യാപാരമേളക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.ശിവരാത്രി നാളിലും തുടര്‍ന്നുള്ള ഒരു മാസക്കാലത്തുമായി ലക്ഷങ്ങള്‍ പെരിയാറിന്റെ തീരത്തെ മണപ്പുറത്ത് വന്നുപോകും. ആത്മീയ ചടങ്ങുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആലുവ നഗരസഭയുമാണ് പരമ്പരാഗതമായി നേതൃത്വം നല്കി വരുന്നത്.
നഗരസഭ സംഘടിപ്പിക്കുന്ന വ്യാപാരമേളയും അമ്യൂസ്മെന്റ് പാര്‍ക്കുമാണ് പ്രധാന ആകര്‍ഷണം. പുതുമകള്‍ നിറഞ്ഞതാണ് ഇക്കുറി വ്യാപാരമേള. അമ്യൂസ്മെന്റ് പാര്‍ക്കിലും വൈവിധ്യ ഇനങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫണ്‍ വേള്‍ഡ് ആൻഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ബര് എന്ന സ്ഥാപനമാണ് ഇവ ഏറ്റെടുത്ത് നടത്തുന്നത്.
മണപ്പുറത്തെ താല്‍ക്കാലിക മുനിസിപ്പല്‍ ഓഫിസ് ശിവരാത്രിയുടെ തലേന്ന് തുറന്ന് മേള അവസാനിക്കുന്നതുവരെ പ്രവര്‍ത്തിക്കും. താല്‍ക്കാലിക പൊലീസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന്, ആശുപത്രി യൂനിറ്റുകള്‍ (അലോപ്പതി, ഹോമിയോ), കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്റര്‍ ഓഫിസ് എന്നിവ മണപ്പുറത്ത് ഉണ്ടാകും. മണപ്പുറത്തും പരിസരത്തും മതിയായ വെളിച്ചം, ശുദ്ധജലവിതരണം എന്നിവ ഉറപ്പ് വരുത്തും.
ക്രമസമാധാന പരിപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 1200ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നഗരസഭയുടെ രണ്ട് ടൗണ്‍ ഹാളുകളില്‍ താല്‍ക്കാലിക പൊലീസ് ക്യാമ്പ് പ്രവര്‍ത്തിക്കും. കെ.എസ്.ആര്.ടി.സി വിവിധ ഡിപ്പോകളില്‍ നിന്നായി ഇരുന്നൂറിലേറെ ബസുകള്‍ ശിവരാത്രിക്ക് പ്രത്യേക സർവിസുകള്‍ നടത്തും. പുഴയുടെ ഇരുകരകളിലുമുള്ള കുളിക്കടവുകള്‍ വൃത്തിയാക്കി വരുന്നു. മണപ്പുറത്ത് മതിയായ ശുചിമുറി സൗകര്യം ക്രമീകരിക്കും. എസ്.ബി.ഐ ആലുവ മണപ്പുറത്ത് സൗജന്യ ചുക്കുകാപ്പി വിതരണം നടത്തും.
മണപ്പുറത്ത് ഒരാഴ്ചക്കാലത്തെ ദൃശ്യോത്സവം - കലാ-സാംസ്കാരിക പരിപാടി ഇക്കൊല്ലവും സംഘടിപ്പിക്കുന്നുണ്ട്. ശിവരാത്രി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കാന് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ശിവരാത്രി നാളില്‍ വൈകീട്ട് ആറു മുതല്‍ മണപ്പുറത്തെ താല്‍ക്കാലിക മുനിസിപ്പല്‍ ഓഫിസില്‍ ചേരും.
മണപ്പുറത്തും നഗരത്തിലും പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് വിവിധ വകുപ്പുകൾ ചേർന്ന് ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ച് കണ്ട്രോള് യൂനിറ്റ് താല്‍ക്കാലിക പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കും. തിരക്കേറിയ ഭാഗങ്ങളില്‍ നിരീക്ഷണത്തിന് വാച്ച് ടവറുകള്‍ നിർമിച്ചിട്ടുണ്ട്. ശിവരാത്രിക്ക് എത്തിച്ചേരുന്നവര്‍ക്കായി ഗ്രൂപ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശിവരാത്രി ഉത്സവത്തിന്റെ പഴക്കം തന്നെ മണപ്പുറത്തെ വ്യാപാരമേളക്കും അവകാശപ്പെടാനുണ്ട്. കൈമാറ്റ കച്ചവട സമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടം മുതല്‍ വ്യാപാരമേള നിലനിന്നുപോരുന്നു. അമ്യൂസ്മെന്റ് പാര്‍ക്ക് ഏറ്റെടുത്ത് നടത്തിപ്പ് കുത്തകാവകാശത്തിന്മേല് നല്കി, വ്യാപാരമേള നഗരസഭ നേരിട്ട് നടത്തിയിരുന്ന നാളിതുവരെയുള്ള രീതിക്ക് മാറ്റം വരുത്തി ഇതുരണ്ടും കൂടി ഒരുമിച്ച് കുത്തകാവകാശത്തിന്മേല് നല്‍കിയിരിക്കുകയാണ് ഈ വര്‍ഷം. എന്നാൽ, മണപ്പുറത്തെ പരമ്പരാഗത കച്ചവടങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും നഗരസഭ നേരിട്ട് നടത്തിയിരുന്ന സമയത്തെ അതേ പരിഗണന ഉറപ്പുവരുത്തിയിട്ടുണ്ട്.
ആലുവ: ശിവരാത്രി ഒരുക്കങ്ങൾ കലക്ടർ രേണുരാജ് വിലയിരുത്തി. മണപ്പുറം, ക്ഷേത്രം, ബലിത്തറകൾ, തർപ്പണ കടവുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. റൂറൽ എസ്.പി വിവേക് കുമാർ ശിവരാത്രിയുമായി ബന്ധപ്പെട്ട വിവരങ്ങളും സുരക്ഷ കാര്യങ്ങളും വിശദീകരിച്ച് നൽകി. ഡി.ഐ.ജി ഡോ. ശ്രീനിവാസും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.