ആലുവ: മൂന്നാഴ്ച അടച്ച കുഴികൾ വീണ്ടും പൊളിഞ്ഞ് വലിയ കുഴികളായി മാറി. പത്ത് ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ അറ്റകുറ്റപണികളാണ് ഉടൻ തന്നെ വെള്ളത്തിലായത്. ഇതോടെ ആലുവ - മൂന്നാർ ദേശസൽകൃത റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുസഹമായി. ഗതാഗത തടസവും രൂക്ഷമായി.
മാസങ്ങളോളം ഈ റോഡ് തകർന്ന് കിടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ആലുവ മുതൽ ആനിക്കാട് കവല വരെയും മാറംപള്ളി മുതൽ പാലക്കാട്ടുതാഴം വരെയുള്ള ഭാഗങ്ങളിലെ കുഴികൾ മൂന്നാഴ്ച മുമ്പ് അടച്ചത്. എന്നാൽ ഇവ വീണ്ടും പൊളിഞ്ഞ് വലിയ കുഴികളായി മാറി.
വാഹനങ്ങൾ കുഴികളിൽ കയറിയിറങ്ങിയാണ് പോകുന്നത്. ചില ഭാഗങ്ങളിൽ വാഹനങ്ങൾക്ക് കയറിപ്പോകാൻ പറ്റാത്തത്ര ആഴത്തിലുള്ള കുഴികളുണ്ട്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മറിയുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾക്ക് തകരാറുകളും സംഭവിക്കുന്നുണ്ട്.
കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ആനിക്കാട് കവലക്ക് സമീപമാണ് കുഴികൾ വലിയതോതിൽ അപകടം ഉണ്ടാക്കുന്നത്. പതിയാട്ട് കവലയിലും പെരിയാർ പോട്ടറിസ് കവലയിലും കുഴികൾ അടച്ചിട്ടില്ല. ഇവിടെയും അപകടം പതിവാണ്.
രണ്ടാഴ്ച മുമ്പ് അപകടത്തിൽപ്പെട്ട മധ്യവയസ്കൻ ഇപ്പോഴും ചികിത്സയിലാണ്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് അധികൃതർ നിസ്സംഗത തുടരുന്നു.
റോഡിലെ കുഴികൾ അടക്കുന്നതിനും ഇടക്കിടക്കുള്ള പാച്ച് വർക്കിനും പകരം പൂർണ്ണ തോതിലുള്ള ടാറിങ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കുട്ടമശ്ശേരിയിലും ചാലക്കലിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.