ആലുവ പറഞ്ഞു...സ്നേഹമാണ് പെരുന്നാൾ


ആലുവ: മത-ജാതി വേർതിരിവുകൾക്കപ്പുറം സ്നേഹത്തിന്‍റെ പെരുന്നാളാഘോഷിച്ച് ആലുവ. പെരിയാർ തീരത്തെ അദ്വൈതാശ്രമ ഭൂമിയിൽ പുതുചരിത്രമെഴുതി സൗഹൃദ ഈദ്ഗാഹ്. ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തിൽ ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന് വേദിയായ അദ്വൈതാശ്രമത്തിൽ ആലുവ മസ്ജിദുൽ അൻസാറിന്‍റെ ആഭിമുഖ്യത്തിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.

അടുത്തവർഷം സർവമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷിക്കാനിരിക്കുകയാണ്. വിവിധ മത-സാംസ്കാരിക നേതാക്കൾ പങ്കെടുത്ത സുഹൃദ്സംഗമം പെരുന്നാൾ ആഘോഷം അവിസ്മമരണീയമാക്കി. മസ്ജിദുൽ അൻസാർ ചീഫ് ഇമാം ടി.കെ. അബ്ദുൽ സലാം മൗലവി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. മതേതര ഭാരതത്തിൽ എന്നും സമാധാനം പുലരട്ടെ എന്ന പ്രാർഥനയോടെ വേദിയിൽ വെള്ളരിപ്രാവുകളെ പറത്തി.

നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ഫാ. പോൾ തേലക്കാട്ട്, ഫാ. പോൾ വി. മാടൻ, നഗരസഭ കൗൺസിലർ കെ. ജയകുമാർ, സേവഭാരതി പ്രസിഡന്‍റ് വിഷ്ണു ബി. മേനോൻ, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം ഹരിദാസ്, എസ്.എൻ.ഡി.പി ഭാരവാഹികളായ വി.ഡി. രാജൻ, നിർമൽ കുമാർ, കോറ ഭാരവാഹികളായ എം.എൻ. സത്യദേവൻ, കെ. ജയപ്രകാശ്, പൗരാവകാശ സംരക്ഷണസമിതി ഭാരവാഹികളായ വി.ടി. ചാർളി, മുകുന്ദൻ, ജോൺസൺ മുളവരിക്കൽ, മുൻ ജില്ല പഞ്ചായത്ത് അംഗം രാജു കുംബ്ലാൻ, പരിസ്ഥിതിപ്രവർത്തകൻ ചിന്നൻ ടി. പൈനാടത്ത് തുടങ്ങിയവർ നമസ്കാരം വീക്ഷിക്കാൻ സന്നിഹിതരായി. ആലുവ കേന്ദ്രീകരിച്ച് മതസൗഹാർദത്തിന് വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഏവരും പിരിഞ്ഞത്.

എ.കെ. മുഹമ്മദാലി, അൻവർ സാദത്ത്, എം.എ. അബ്ദുൽ സലാം, എം.എം. റിയാസ്, സാബു പരിയാരത്ത്, കെ.കെ. സലീം, പി.എ. ഹംസക്കോയ, അബ്ദുൽ ഗഫൂർ ലെജന്‍റ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Aluva said Eid is love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.