കോഴിക്കോട്: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികൾ ജില്ലതലത്തിൽതന്നെ നൽകുംവിധം ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ഒ.ആർ. കേളു. തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പുകളുടെ ജില്ലതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റെല്ലാ വകുപ്പുകളുടെയും ഒരു കോടി രൂപ വരെയുള്ള പദ്ധതികളുടെ ഭരണാനുമതി നൽകുന്നത് ജില്ലതലത്തിലാണ്. എന്നാൽ, ഒരു കോടി രൂപ വരെ പദ്ധതി വിഹിതമുള്ള അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് അനുമതി നൽകുന്നത് ഡയറക്ടറേറ്റിൽനിന്നാണ്. ഇതിനാൽ പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം.
അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ജില്ല കലക്ടറായിരിക്കും ഇനി ഭരണാനുമതി നൽകുക. സാങ്കേതികാനുമതി ലഭ്യമാക്കുക ജില്ല കലക്ടറുടെ മേൽനോട്ടത്തിലുള്ള എൻജിനീയർമാർ അടങ്ങിയ സമിതിയായിരിക്കും. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പിലെയും തദ്ദേശ വകുപ്പിലെയും എൻജിനീയർമാരും വിരമിച്ച എൻജിനീയറും ഉൾപ്പെടുന്നതായിരിക്കും ഈ സമിതി. അംബേദ്കർ ഗ്രാമവികസന പദ്ധതി നടപ്പാക്കാൻ ‘ഉന്നതി’യിൽ ചുരുങ്ങിയത് 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡവും മാറ്റുമെന്ന് മന്ത്രി അറിയിച്ചു. പുതുക്കിയ ഭേദഗതി അനുസരിച്ച് 25 വീടുകൾ ‘ഉന്നതി’യിലില്ലെങ്കിലും സമീപത്തെ പട്ടികജാതി-പട്ടികവർഗ വീടുകളും കൂടി ഉൾപ്പെടുത്തി ഒരു ക്ലസ്റ്ററായി പരിഗണിച്ച് 25 വീടുകൾ തികച്ചാൽ മതിയാകും.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂമിയില്ലാത്ത വ്യക്തിക്ക് വീട് വെക്കാൻ ഏതെങ്കിലും പദ്ധതിയിൽപെടുത്തി നിർബന്ധമായും അഞ്ച് സെന്റ് ഭൂമി അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഓരോ ‘ഉന്നതി’യിലേക്കും വാഹനയോഗ്യമായ വഴി, കുടിവെള്ള വിതരണം, വൈദ്യുതി സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലയിൽ നിലവിലുള്ള 11 സാമൂഹിക പഠനമുറികളുടെ നിലവാരം കാത്തുസൂക്ഷിക്കണം. നേരത്തെ യോഗത്തിൽ സംസാരിച്ച എം.എൽ.എമാർ അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതി ലഭിക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നതായി പരാതിപ്പെട്ടു. അനുമതി ലഭിച്ച പദ്ധതികൾ സമയത്ത് പൂർത്തിയാക്കുന്നതിൽ നിർമാണ ഏജൻസികൾ അലംഭാവം കാട്ടുന്നതായും എം.എൽ.എമാർ പറഞ്ഞു. ജില്ല നിർമിതി കേന്ദ്രം ഇത്തരത്തിൽ കാലതാമസം വരുത്തുന്നതായി പരാതിയുയർന്നു.
ജില്ലയിലെ ഏക മോഡൽ റസിഡൻഷ്യൽ സ്കൂളായ മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ രേഖയിൽ ഇല്ലെന്നായിരുന്നു ഇ.കെ. വിജയൻ എം.എൽ.എയുടെ പരാതി. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചാൽ മാത്രമേ സ്കൂളിൽ അധ്യാപക നിയമനം സാധ്യമാവുകയുള്ളൂ. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വികസന യോഗങ്ങളിൽ എം.എൽ.എമാരെക്കൂടി ഉൾപ്പെടുത്തണമെന്ന് എം.എൽ.എമാരും ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർമാരെ ഉൾപ്പെടുത്തണമെന്ന് ഷീജ ശശിയും ആവശ്യം ഉന്നയിച്ചു. വകുപ്പുകൾ നേരിട്ട് നടത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതുപോലുള്ള ഉത്തരവാദിത്തം ത്രിതല പഞ്ചായത്തിന്റെ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ നാക്കിലമ്പാട്, ജില്ലയിലെ ഏറ്റവും ശോച്യാവസ്ഥയിലുള്ള ‘ഉന്നതി’യാണെന്നും അവിടെയുള്ള 10 ആദിവാസി കുടുംബങ്ങൾക്ക് ഒരു കക്കൂസ് മാത്രമുള്ള അവസ്ഥയാണെന്നും ലിന്റോ ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കരിങ്കാളിമ്മൽ നഗർ ഉന്നതിയിൽ വാട്ടർ ടാങ്ക് ചോർച്ച പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. പിന്നാക്ക വികസന വകുപ്പുകളിലെ പദ്ധതികളിൽ 100 ശതമാനം ഫണ്ട് ഉപയോഗം ഉണ്ടാകണമെന്ന് യോഗത്തിൽ സംസാരിച്ച കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. പദ്ധതികൾ കൃത്യമായി ഫോളോഅപ് ചെയ്യുകയും സ്ഥലം എം.എൽ.എമാരെ വിവരം ധരിപ്പിക്കുകയും വേണം. അവലോകന യോഗങ്ങൾ ഇനി മുതൽ എല്ലാ മാസവും ഓൺലൈനായി നടക്കുമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.
യോഗത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എം. സച്ചിൻദേവ്, എ.ഡി.എം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവരും പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസർ കെ.പി. ഷാജി, പട്ടികവർഗ വികസന വകുപ്പ് ജില്ല ഓഫിസർ എ.ബി. ശ്രീജകുമാരി, പിന്നാക്ക വികസന വകുപ്പ് റീജനൽ ഡയറക്ടർ ബി. പ്രബിൻ എന്നിവർ പവർ പോയന്റ് അവതരണം നടത്തി.
കോഴിക്കോട്: പട്ടികജാതി-വർഗ വികസന വകുപ്പ് ജില്ല അവലോകന യോഗത്തിൽ നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ ശാസിച്ച് മന്ത്രി ഒ.ആർ. കേളു. വകുപ്പിന്റെ പല പദ്ധതികളും നടപ്പാക്കുന്ന സർക്കാർ ഏജൻസിയായ നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥനോടാണ് മന്ത്രി കയർത്തത്. നിർമിതി കേന്ദ്രം ഏറ്റെടുത്ത ജോലികളിൽ പലതും സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്ന് യോഗത്തിൽ വ്യാപകമായി പരാതി ഉയർന്നിരുന്നു.
ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ 50 ശതമാനം മുൻകൂറായി കൈമാറുന്നുണ്ട്. ഇത് വകമാറി ചെലവഴിക്കുകയും പദ്ധതി പൂർത്തിയാക്കാതെ കുറ്റം കരാറുകാരുടെ മേൽ കെട്ടിവെക്കുകയുമാണ് നിർമിതി കേന്ദ്രം ചെയ്യുന്നതെന്ന് ലിന്റോ ജോസഫ് എം.എൽ.എ പരാതി ഉന്നയിച്ചു. തിരുവമ്പാടി പഞ്ചായത്തിൽ ഒരു കോടി രൂപക്ക് ഏഴു വർഷം മുമ്പ് എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം ലഭ്യമാകാത്തതിനാലാണ് ഇതെന്ന് ഉദ്യോഗസ്ഥൻ ഉത്തരം നൽകി. ടാങ്കില്ലാതെ നൽകാൻ കഴിയുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിക്കൂടേ എന്നായി എം.എൽ.എ. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
പിന്നീട് ആറുലക്ഷം രൂപക്ക് നിർമാണം പൂർത്തിയാകേണ്ട വീടുകൾക്ക് ആറും ഏഴും ലക്ഷം രൂപ നിർമിതി കേന്ദ്രം ചെലവഴിച്ചതിനെക്കുറിച്ച് വിമർശനമുയർന്നു. അധികസൗകര്യങ്ങൾ ഏർപ്പെടുത്തിയതിനാലാണ് ചെലവ് വർധിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ഉത്തരം. ഇതോടെ ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥർ തന്നിഷ്ടം കാണിക്കുകയാണോ, ഇതെന്താ വെള്ളിരിക്കാപട്ടണമാണോ എന്ന് ചോദിച്ചു.
കലക്ടറുടെ അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാവൂ എന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.