തൃശൂർ: തൃശൂരിൽ രണ്ടാം തവണയും കോടികളുടെ തിമിംഗല ഛർദിൽ (ആംബർ ഗ്രീസ്) പിടികൂടിയതോടെ അന്വേഷണം ശക്തമാക്കി പൊലീസ്. നേരത്തേ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് അഞ്ച് കോടിയുടെ തിമിംഗല ഛർദിൽ പിടികൂടിയത്. പ്രധാനമായും സുഗന്ധലേപന നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്.
തിമിംഗല ഛർദിലിെൻറ അന്താരാഷ്ട്ര ഇടപാടുകൾക്കു പോലും തൃശൂർ ഇടനിലയാവുന്നുവെന്ന സൂചനയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾക്കും ഇരുതലമൂരി, വെള്ളിമൂങ്ങ അടക്കമുള്ളവയുടെ വിപണനത്തിനും തൃശൂർ ഇടത്താവളമായി മാറിയെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച തൃശൂരിൽനിന്ന് തിമിംഗല ഛർദിലുമായി സംഘത്തെ പിടികൂടുന്നതിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തിൽ തൃശൂരിനെ കൂടാതെ കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പൊലീസ് തിമിംഗല ഛർദിലിെൻറ ഇടനിലക്കാരെ കണ്ടെത്തി. പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലും ഇടപാടുകളിൽ കണ്ണികളായുണ്ടെന്നും വ്യക്തത ലഭിച്ചു. ലഹരിക്കടത്തിനേക്കാൾ വലിയ സാമ്പത്തികനേട്ടം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നാണ് പറയുന്നത്. ജൂലൈയിൽ ചേറ്റുവയിൽനിന്ന് 30 കോടി രൂപ വില വരുന്ന 18 കിലോ തൂക്കമുള്ള തിമിംഗല ഛർദിലാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ പിടിയിലായിരുന്നു.
ഇപ്പോൾ അഞ്ച് കോടി വില വരുന്ന അഞ്ച് കിലോഗ്രാമാണ് പിടികൂടിയത്. ഈ രണ്ട് സംഭവങ്ങളിലും ചാവക്കാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽനിന്ന് ലഭിച്ചതാണെന്ന മൊഴി മാത്രമാണ് പൊലീസിനും വനംവകുപ്പിനും ലഭിച്ചത്. എന്നാൽ, വൻ സംഘം ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.