തിരുവല്ല: തിരുവല്ലയിൽ രണ്ടിടത്ത് ആംബുലൻസുകൾ അപകടത്തിൽപെട്ടു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗത്തും തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപവുമാണ് അപകടം.
ഇതിൽ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം ആംബുലൻസ് മറിഞ്ഞ് ജീവനക്കാരനായ അഖിലിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെ ആയിരുന്നു അപകടം. തോട്ടഭാഗം സ്വദേശിയുടെ ഉടമസ്ഥതയിലുളള ആംബുലൻസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ അഖിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ആംബുലൻസ് ക്രെയിൻ ഉപയോഗിച്ച് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തു. അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ കാവുംഭാഗത്ത് ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോയി.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.