ചാരുംമൂട്: രോഗിയുമായി വന്ന ആംബുലൻസിന് യാത്രാ തടസ്സമുണ്ടായതിന്‍റെ പേരിൽ വാനിൽ യാത്ര ചെയ്തവരുമായി കൈയാങ്കളി. വിഷയം പൊലീസ് സ്റ്റേഷനിലെത്തിയതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിൽ പിരിഞ്ഞു. കൊല്ലം-തേനി ദേശീയപാതയിൽ താമരക്കുളം നാലുമുക്കിന് കിഴക്ക് വയ്യാങ്കരക്കുസമീപം കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആനയടിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ആംബുലൻസിലെ ജീവനക്കാരും ശൂരനാടുനിന്ന് ചാരുംമൂട് ഭാഗത്തേക്ക് മാരുതി വാനിൽ വന്ന മെത്ത വ്യാപാരികളുമാണ് കൊമ്പുകോർത്തത്.
ആംബുലൻസിന് സുഗമ യാത്രയൊരുക്കുന്നതിനുപകരം വാൻ മറികടന്നുപോകുകയും സൈഡ് നൽകാതിരിക്കുകയും ചെയ്തതായാണ് പറയുന്നത്. ഈ സമയം തന്നെ വാനിനെ മറികടന്ന് ആംബുലൻസ് നിർത്തിയതോടെ ഇരുകൂട്ടരും വാക്കേറ്റവും കൈയാങ്കളിയുമായി.
രോഗിയെ ആശുപത്രിയിലെത്തിച്ചശേഷം ആംബുലൻസ് ഡ്രൈവർ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് വാനിൽ സഞ്ചരിച്ചവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. ആസന്ന നിലയിലല്ലാത്ത രോഗിയുമായി വന്ന ആംബുലൻസ് സൈറൺ മുഴക്കാതെയാണ് സഞ്ചരിച്ചതെന്നും ഇതിനാലാണ് ആംബുലൻസിനെ മറികടന്നതെന്നും വാൻ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. ഇത് മനഃപൂർവം ചെയ്തതാണെന്ന് കരുതി ഉടൻ സൈറൺ മുഴക്കി ആംബുലൻസ് ഓടിച്ച് വാനിനുസമീപം നിർത്തുകയായിരുന്നുവെന്നും തുടർന്നാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായതെന്നും പൊലീസ് പറഞ്ഞു. കാര്യങ്ങൾ പരസ്പരം ബോധ്യപ്പെട്ടതോടെ തൊട്ടടുത്ത സ്ഥലവാസികൾകൂടിയായ ഇരുകൂട്ടരും വിഷയത്തിൽ ഒത്തുതീർപ്പിലെത്തുകയും ആംബുലൻസ് ഡ്രൈവർ പരാതിയില്ലെന്ന് എഴുതിനൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.