മലപ്പുറം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും ട്രാൻസ്പോർട്ട് കമീഷണറുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു. നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ട പ്രത്യേക പരിശോധന.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് ജില്ല പൊലീസ് മേധാവി വിശ്വനാഥിന്റെയും ജില്ല ആർ.ടി.ഒ ബി. ഷെഫീക്കിന്റെയും നിർദേശം. ജില്ലയിലെ ആറ് ഡിവൈ.എസ്.പിമാർക്ക് കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും മലപ്പുറം ആർ.ടി.ഒ ഓഫിസ്, വിവിധ സബ് ഓഫിസ് ഉദ്യോഗസ്ഥരുടെയും, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും നിരത്തുകളിൽ പരിശോധന കർശനമാക്കും. അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളജ് പരിസരങ്ങൾ എന്നിവക്ക് പുറമേ ഗ്രാമീണ പാതകളിലേക്ക് ഇറങ്ങിച്ചെന്നും പരിശോധന കർശനമാക്കാനാണ് തീരുമാനം.
മദ്യപിച്ച് വാഹനം ഓടിച്ചാലും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാലും പിഴക്ക് പുറമെ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. കൂടാതെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും, അമിതവേഗത, അപകടകരമായ ഓവർടേക്ക്, ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങൾ മോടി കൂട്ടൽ തുടങ്ങി ഓരോ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.