നി​ല​ക്കാ​ത്ത അ​പ​ക​ട​ങ്ങ​ൾ; നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ്​ ജീ​വ​നു​ക​ൾ...

മലപ്പുറം: റോഡ് സുരക്ഷ ബോധവത്കരണവും പരിശോധനകളും കാമറ നിരീക്ഷണവുമൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും നിരത്തിലെ വാഹനാപകടങ്ങൾക്ക് ഒരു കുറവുമില്ല. അപകട മരണമില്ലാത്ത ഒരുദിനം പോലും കേരളത്തിൽ കടന്നുപോവാത്ത സ്ഥിതിയാണ്. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഓരോ ദിവസവും 11 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ട്. മുൻവർഷങ്ങൾക്ക് സമാനമായി മലപ്പുറം ജില്ലയിലും വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. ചൊവ്വാഴ്ച പുലർച്ചെ കൊണ്ടോട്ടി കൊളത്തൂർ ഭാഗത്ത് ലോറിക്കടിയിൽപ്പെട്ട് കാൽനടയാത്രക്കാരന് ജീവൻ നഷ്ടമായി. ദിവസങ്ങൾക്ക് മുമ്പ് ദേശീയപാത പൂക്കോട്ടൂരിൽ ലോറിയിടിച്ച് 19കാരനായ വിദ്യാർഥി മരിച്ചിരുന്നു. ഡിസംബർ ആറിന് പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നവവധുവായ നഴ്സിങ് വിദ്യാർഥിയും ഈ ലോകത്തോട് വിട പറഞ്ഞു. ഡിസംബർ മൂന്നിന് വളാഞ്ചേരി ഭാഗത്ത് വീട്ടമ്മയും ലോറി തട്ടി മരിച്ചിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം ജില്ലയിൽ ആറുപേർക്കാണ് വ്യത്യസ്ത വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. 2024 നവംബർ 30 വരെയുള്ള ഡിസ്ട്രിക്റ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം ജില്ലയിൽ 3190 അപകടങ്ങളിലായി 276 പേരുടെ ജീവൻ പൊലിഞ്ഞു. 2573 പേർക്ക് ഗുരുതരമായും 978 പേർക്ക് നിസാരമായും പരിക്കേറ്റു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13365 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

കരുതണം ‘ബ്ലാക്ക് സ്പോട്ട്’

ജില്ലയിൽ സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലകളെ ‘ബ്ലാക്ക് സ്പോട്ടാ’യി തരം തിരിച്ചിട്ടുണ്ട്. ജില്ലയിൽ 84 ഭാഗങ്ങളാണ് അപകട സാധ്യതയേറിയ ഭാഗങ്ങളായി ബ്ലാക്ക് സ്പോട്ടായി കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ അപകടങ്ങൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ദേശീയപാതയുടെ നവീകരണ പ്രവൃത്തികളും റോഡുകളുടെ ദിശമാറ്റവുമെല്ലാം മുമ്പ് കണ്ടെത്തിയിരുന്ന ബ്ലാക്ക് സ്പോട്ടുകളിൽ മാറ്റം വരുത്തിയിട്ടുമുണ്ട്. പൊലീസ് വകുപ്പിന്‍റെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിൽനിന്ന് ലഭ്യമായ വിവരമനുസരിച്ച് പെരിന്തൽമണ്ണ, എടപ്പാൾ, വളാഞ്ചേരി, അങ്ങാടിപ്പുറം, കൊണ്ടോട്ടി, വെന്നിയൂർ എന്നീ ഭാഗങ്ങളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരം അപകടമേഖലയായിരുന്ന കാക്കഞ്ചേരി, വട്ടപ്പാറ ഭാഗങ്ങളിൽ റോഡ് നവീകരണത്തിന്‍റെ ഭാഗമായി സ്ഥിരം അപകടങ്ങളിൽ മാറ്റം വന്നിട്ടുണ്ട്.

Tags:    
News Summary - Road accident increase in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.