തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോളെ(30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ട് വളപ്പിൽ കഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണു കണ്ടെത്തി.
അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ രാജപ്പൻ നായർ മകൻ അഖിൽ ആർ. നായർ(24), അഖിലിന്റെ സഹോദരൻ രാഹുൽ ആർ. നായർ(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായർ മകൻ ആദർശ് നായർ(23) എന്നിവരെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2019 ജൂൺ 21ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ. നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖി മോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു. പിന്നീട് ഇരുവരും പ്രണയത്തിലായി. അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം രാഖിമോളെ അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോവുമായിരുന്നു. വിവാഹ വാഗ്ദാനവും നൽകി.
രാഖി മോളുമായി അഖിൽ പ്രണയത്തിലിരിക്കെ തന്നെ അന്തിയൂർക്കോണം സ്വദേശിയായ യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിന്റെ ഫോട്ടോകൾ അഖിൽ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാഖി അന്തിയൂർ കോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
കൃത്യ ദിവസം രാഖിമോളെ പുവ്വാറിലെ വീട്ടിൽ നിന്ന് അഖിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ അനുനയത്തിൽ വിളിച്ചുവരുത്തുകയും അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ രാഖിമോളെ കയറ്റി നെയ്യാറ്റിൻകര ധനുവച്ചപുരം റോഡ് വഴി അമ്പൂരിയിൽ എത്തുകയും അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി രണ്ടാംപ്രതി രാഹുൽ ആർ നായർ വാഹനമോടിച്ചും ആദർശും, അഖിലും പിൻ സീറ്റിൽ ഇരുന്ന് അമ്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് പോകുന്ന വഴി വാഹനത്തിൻറെ ഇടതു മുൻവശത്തിരുന്ന രാഖിയെ വാഹനത്തിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട രാഖിയെ മൂന്നു പേരും ചേർന്നു അഖിലിന്റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിന്റെ പിറകു വശത്ത് നേരത്തെ തയാറാക്കി വച്ചിരുന്ന കുഴിയിൽ രാഖിയുടെ മൃതശരീരം നഗ്നയാക്കി ഉപ്പു പരലുകൾ വിതറി മണ്ണിട്ട്മൂടി,കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു.
മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്. ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും കസ്റ്റഡി ലായത്. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ട് വളപ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.