കൊച്ചി: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ‘അമ്മ’ ആസ്ഥാനത്ത് ഒത്തുചേർന്ന് ചലച്ചിത്ര താരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംഘടന ശക്തമായി നിലനിൽക്കണമെന്നും കൂട്ടരാജി അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. രാജിയിൽ മാപ്പ് പറഞ്ഞ് മര്യാദക്ക് എല്ലാവരും തിരികെ വന്നിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കുശേഷം സംഘടനയുടെ നേതൃത്വത്തിൽ പരിപാടികളൊന്നും നടന്നിരുന്നില്ല. സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനംദിന പ്രവർത്തനം ഭംഗിയായി നടക്കുന്നുവെന്നും നടൻ വിനുമോഹൻ പറഞ്ഞു. രാജിവെച്ച അതേ കമ്മിറ്റിതന്നെ തിരിച്ചുവരണമെന്ന് നടൻ ധർമജൻ ബോൾഗാട്ടിയും പ്രതികരിച്ചു. പുതിയ തെരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടെന്നും ധർമജൻ പറഞ്ഞു.
കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ജയൻ ചേർത്തല, വിനുമോഹൻ, ബാബുരാജ്, ടിനി ടോം തുടങ്ങിയവരും ഒത്തുചേരലിന് എത്തിയിരുന്നു. അനൂപ് മേനോൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീനാ ആന്‍റണി, കലാഭവൻ പ്രജോദ് തുടങ്ങിയവരും പങ്കെടുത്തു.
‘അമ്മ’ സംഘടനയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ തിരിച്ചുവരവിന്‍റെ പാതയിലാണ്. അതിനുള്ള തുടക്കമാണ് കേരളപ്പിറവി ദിനത്തിൽ കുറിച്ചത്. ഇതിന് ഉത്തരവാദപ്പെട്ടവർ വരട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.