കോട്ടയം: ലോകപ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സി'ലൂടെ വായിച്ചും കേട്ടുമറിഞ്ഞ അയ്മനം തേടിയെത്തുന്ന വിദേശസഞ്ചാരികൾക്ക് വഴികാട്ടിയാകുകയാണ് അമ്മു. വെറുതെ കാഴ്ചകൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, തനിക്ക് പരിചിതമായ നാടിെൻറ കഥയും കാര്യങ്ങളുമെല്ലാം സഞ്ചാരികൾക്ക് പങ്കുവെച്ച് അവർക്ക് പ്രിയങ്കരിയായി ഈ ഇരുപത്താറുകാരി. ഇപ്പോൾ അമ്മു എന്ന രണ്ടക്ഷരം സഞ്ചാരികൾക്ക് അയ്മനത്തിെൻറ ബ്രാൻഡാണ്.
ഉത്തരവാദ ടൂറിസം മിഷെൻറ വില്ലേജ് എക്സ്പീരിയൻസ് പാക്കേജിെൻറ ഭാഗമായ കമ്യൂണിറ്റി ടൂർ ലീഡർമാരിലൊരാളാണ് അമ്മു. ടൂറിസം ഗ്രാമമായ അയ്മനത്ത് എത്തുന്ന സഞ്ചാരികൾക്ക് നാടിനെ പരിചയപ്പെടുത്തലാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അമ്മുവിെൻറ ജോലി. എന്നാൽ, അങ്ങനെ വെറുതെ പറഞ്ഞാൽ തീരില്ല അതെന്ന് അമ്മുവിെൻറ വാക്കുകൾ. കാണുന്ന കാഴ്ചകൾക്കപ്പുറം അവർക്ക് പല കാര്യങ്ങളെക്കുറിച്ചും ചോദിക്കാനുണ്ടാവും. അതുകൂടി പറഞ്ഞുനൽകാൻ കഴിയണം. പച്ചവിരിച്ച പാടങ്ങളും തോടുകളും വള്ളത്തിലൂടെയുള്ള യാത്രയും പൗരാണിക പ്രാധാന്യമുള്ള ദേവാലയങ്ങളും സർപ്പക്കാവുകളും പഴയ മനകളും അടക്കം നാട്ടുകാഴ്ചകളുടെ സമൃദ്ധിയാണ് അയ്മനത്തിെൻറ പ്രത്യേകത.
കനാലിൽ വള്ളത്തിലൂടെയാണ് യാത്ര. നാട്ടിൻ പുറത്തെ ജീവിതരീതികളാണ് വിദേശത്തുനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. തഴപ്പായ നെയ്ത്ത്, ഓല മെടയൽ, കയർ പിരിക്കൽ, തെങ്ങുകയറ്റം തുടങ്ങിയ തൊഴിലുകൾ കാണാനും ചെയ്യാനും ഏറെയിഷ്ടമാണ്. വസ്ത്രധാരണം, ശീലങ്ങൾ ഇതിനെക്കുറിച്ചൊക്കെ ഏറെ സംശയങ്ങളുണ്ടാകും. ചിലർക്ക് പാടത്ത് വെറുതെ നടക്കാനായിരിക്കുമിഷ്ടം. മറ്റു ചിലർക്ക് ചൂണ്ടയിട്ടും വലയിട്ടും മീൻ പിടിക്കണം. തെങ്ങിൽ കയറണം. കേരളത്തിെൻറ തനതുവിഭവങ്ങൾ കഴിക്കണം. രണ്ടര മണിക്കൂർ സഞ്ചാരികൾക്കൊപ്പം ചെലവഴിക്കുേമ്പാഴേക്കും അവരുമായി നല്ല കൂട്ടാകും- അമ്മു പറയുന്നു.
വരുമാനത്തെക്കാളേറെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതാണ് തെൻറ ജോലികൊണ്ട് അമ്മുവിനുണ്ടായ പ്രധാന നേട്ടം. കുമരകം കവണാറ്റിൻകര പുളിമ്പറമ്പ് വിക്രമെൻറയും ഷേർളിയുടെയും മൂന്നാമത്തെ മകളാണ് അമ്മു എന്ന് വീട്ടിൽ വിളിപ്പേരുള്ള വിദ്യ. വിദ്യയെന്ന പേര് ശരിയായി ഉച്ചരിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ വിദേശികൾക്കും അമ്മു തന്നെ.
എം.എസ്സി ഫിസിക്സ് കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുന്ന സമയത്താണ് അമ്മു ടൂറിസം മിഷെൻറ ഭാഗമാകുന്നത്. ഇടക്ക് സിവിൽ സർവിസ് കോച്ചിങ്ങിനു പോയി. പി.എസ്.സി പരീക്ഷകളുമെഴുതി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും നാനോടെക്നോളജിയിൽ ഉന്നതപഠനമാണ് മനസ്സിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.