മാഹി: പെട്രോൾ പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനത്തിൽ തന്നെ വിറ്റുവരവായി ലഭിച്ച മുഴുവൻ തുകയുമായി കടന്നു കളഞ്ഞ ജീവനക്കാരന് മാഹി കോടതി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 1,51,000 രൂപയാണ് സ്ഥാപനത്തിൽ നിന്ന് കവർന്നത്. മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായെത്തിയ വയനാട് നടവയൽ സ്വദേശി കെ.സി. ഷൈലൻ (42) ആണ് സ്ഥാപനത്തിലെ പണവുമായി മുങ്ങിയത്.
മാഹി ജുഡിഷ്യൽ മജിസ്ട്രേറ്റാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാഹി പൊലീസ് ഡൽഹി ബദൽപൂരിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
പണം കവർന്ന പ്രതി മൈസൂരിലും ബംഗളൂരുവിലും പിന്നീട് ഡൽഹിയിലേക്കും കടന്നു കളയുകയായിരുന്നു. കവർച്ചക്ക് ശേഷം കിട്ടുന്ന പണമുപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. കേരളത്തിലുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
അന്നത്തെ മാഹി പൊലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ടിന്റെ നിർദേശത്തെ തുടർന്ന് ഹെഡ് കോൺസ്റ്റബിൾ വി. വിനിദേഷ് രജിസ്റ്റർ ചെയ്ത കേസ് മാഹി സി.ഐ ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അന്നത്തെ മാഹി എസ്.ഐ സി.വി. റെനിൽ കുമാർ, ക്രൈം എസ്.ഐ കിഷോർകുമാർ, എ.എസ്.ഐ സി.വി. ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ. എം.ഡി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.