പേരാമ്പ്ര: കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളിക്ക് വീണ് പരിക്ക്. മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ റബ്ബർ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
നിലത്ത് വീണ ലൈസമ്മയെ പിറകിലോടിയെത്തിയ ആന ചവിട്ടാൻ ശ്രമിച്ചെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും മറ്റ് തൊഴിലാളികളും ബഹളം വെച്ചതോടെ ആന പിന്തിരിഞ്ഞ് പോയി. വീഴ്ച്ചയിൽ കാൽ മുട്ടുകൾക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്റ്റേറ്റിൽ മുഴുവൻ കാട്ടാനകൾ നിറഞ്ഞിരിക്കുകയാണ്. ഇവയെ തുരത്തണമെന്നും കാട്ടാനകൾ വനമേഖലയിൽ നിന്നും എസ്റ്റേറ്റിലേക്ക് പ്രവേശിക്കാതിരിക്കാൻ സൗര വേലി, കിടങ്ങ് ഉൾപ്പെടെയുള്ള സംവിധാനമൊരുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് മാനേജർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവർ ലൈസമ്മയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.