കൊല്ലം: റിങ്ങുകൾ സ്ഥാപിക്കുന്നതിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ ഒന്നരമണിക്കൂറിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തി. രാമൻകുളങ്ങര മതേതര നഗറിലെ ഫ്ലാറ്റിന് മുന്നിൽ കിണർ കുഴിച്ച് റിങ്ങുകൾ സ്ഥാപിക്കുമ്പോൾ കല്ലുംപുറം സ്വദേശി വിനോദ് (42) ആണ് അപകടത്തിൽപെട്ടത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണ്ണ് നീക്കിയും വടം ഉപയോഗിച്ച് ദേഹത്ത് കെട്ടി ഉയർത്തിയും ഏറെ പണിപ്പെട്ട് വിനോദിനെ സുരക്ഷിതനായി കിണറ്റിന് പുറത്തെത്തിക്കുകയായിരുന്നു.
ഫ്ലാറ്റിലെ കുഴൽകിണറിൽനിന്ന് വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് കിണർ നിർമിക്കാൻ തീരുമാനിച്ചതും തിങ്കളാഴ്ച ഇതിനായുള്ള ജോലികൾ ആരംഭിച്ചതും. ചൊവ്വാഴ്ചയും നിർമാണം തുടർന്നു. വിനോദിന് പുറമേ മതേതര നഗർ സ്വദേശികളായ ഷെമീർ (40), ഉണ്ണി (48), ബാബു (48) എന്നിവരും കിണർ കുഴിക്കുന്ന ജോലിയിലുണ്ടായിരുന്നു.
ഉച്ചക്ക് രണ്ടോടെ ഒരുവശത്തെ മണ്ണ് ആദ്യം ചെറിയതോതിലും തുടർന്ന് വലിയ അളവിലും ഇടിഞ്ഞ് കിണറ്റിലേക്ക് പതിച്ചു. മറ്റുള്ളവർ ഇതിൽപെടാതെ ഓടിമാറി. ഇതിനിടെ വിനോദിനെ ഏറെക്കുറെ പൂർണമായും മണ്ണ് മൂടി. ഉടൻ ഷെമീർ ഉള്ളിലേക്കിറങ്ങി വിനോദിന്റെ കഴുത്തുവരെയുള്ള ഭാഗത്തെ മണ്ണ് നീക്കി. ഇതിനിടെ മുകൾഭാഗത്തുനിന്ന് പാറക്കഷണം ഉൾപ്പെടെ താഴേക്ക് വീണെങ്കിലും ഷമീറിന്റെ ദേഹത്ത് ഇടിച്ചുനിന്നതിനാൽ വിനോദിന്റെ തലയിൽ പതിച്ചില്ല. ഷെമീർ തിരികെ കയറിയെങ്കിലും മണ്ണിൽ പുതഞ്ഞ വിനോദിനെ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴാനുള്ള സാഹചര്യം ഒഴിവാക്കാൻ ഏറെ കരുതലോടെയാണ് മണ്ണ് നീക്കിയത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദ് അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.