പാലക്കാട്: ലീഗ് അണികളും മതന്യൂനപക്ഷങ്ങളും ഇന്നലെ വരെ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാട് അറിയുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബാബറി മസ്‌ജിദ് തകർത്തത് ആർ.എസ്.എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണ്.
എല്ലാ ഒത്താശയും ചെയ്‌തത് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്.
കെ.പി.സി.സി നിർദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. പാലക്കാട്ടെ കോൺഗ്രസ്, ലീഗ് നേതാക്കൾ സന്ദീപിനൊപ്പമുണ്ടായിരുന്നു.
മലപ്പുറവുമായി പൊക്കിൾകൊടി ബന്ധമാണ് തനിക്കുള്ളത്. മലപ്പുറം സഹോദര്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടാണ്. അതിനു പിന്നിൽ കൊടപ്പനക്കൽ കുടുംബത്തിന്‍റെ വലിയ പ്രയത്നമുണ്ട്. ലോകത്തിനു തന്നെ മാതൃകയായ ഈ മലപ്പുറത്തിന്‍റെ മാനവിക സൗഹാർദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങാടിപുറത്തെ തളി ക്ഷേത്രം കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ നോക്കികണ്ട ആളാണ്. ബി.ജെ.പിയുടെ ഭാഗമായി നിൽക്കുന്ന സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകളുണ്ടെങ്കിൽ, അവർക്കെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ഈ സന്ദർശനം വലിയ സഹായകരമാകുമെന്ന് വിശ്വസിക്കുന്നു’ -സന്ദീപ് പറഞ്ഞു.
നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.