തിരുവനന്തപുരം: പഞ്ചായത്തിൽ ഒരു വ്യവസായ പാർക്ക് എന്ന ലക്ഷ്യത്തോടെ സംരംഭക വർഷം പദ്ധതിക്ക് പുതിയ ചുവടുവെപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വ്യവസായ വകുപ്പ് പാർക്ക് നിർമിക്കും. അതത് തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും നടത്തിപ്പ് ചുമതല. പാർക്കുകളിൽ നിന്നുള്ള വരുമാനം പഞ്ചായത്തുകൾക്ക് എടുക്കാം. വ്യവസായ വകുപ്പ് നടത്തിയ മാപ്പിങ്ങിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി അനുയോജ്യ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റികളെയും വ്യവസായ പാർക്കുകളാക്കി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി സൊസൈറ്റി പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേർന്നു. ഭൂമി ലഭ്യതയുടെ അടിസ്ഥാനത്തിൽ മുഴുവൻ പഞ്ചായത്തുകളിലും ഒരു വ്യവസായ പാർക്ക് വികസിപ്പിക്കാനാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലെ ഭൂമികളിലും തുടങ്ങാൻ ആലോചനയുണ്ട്.
സ്വകാര്യ വ്യവസായ പാർക്കുകൾ, കാമ്പസ് പാർക്കുകൾ എന്നിവക്കു പിന്നാലെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ വ്യവസായ വകുപ്പ് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഇത് 20 ആകുമന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അടുത്ത വർഷത്തോടെ 50 സ്വകാര്യ വ്യവസായ പാർക്കുകളും 50 കാമ്പസ് വ്യവസായ പാർക്കുകളും ആരംഭിക്കാനാണ് ലക്ഷ്യം.
വ്യവസായം, റവന്യൂ, നിയമം, രജിസ്ട്രേഷൻ വകുപ്പുകൾ ചേർന്ന് വ്യവസായ പാർക്കുമായി ബന്ധപ്പെട്ട ഭൂമി രജിസ്ട്രേഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. ഇത്തരം ഭൂമി പിൻഗാമികൾക്ക് നേരിട്ട് കൈമാറുന്നതിനടക്കമുള്ള നടപടിക്രമങ്ങൾ ലളിതവത്കരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് കാമ്പസ് വ്യവസായ പാർക്കുകൾ. ഇതോടെ, വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. എം.ജി സർവകലാശാലയുമായി ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ കാമ്പസ് വ്യവസായ പാർക്ക് യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.