കൊണ്ടോട്ടി: ബംഗളൂരുവില്‍നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തുന്ന അഞ്ചംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് പിടികൂടി.
കൊണ്ടോട്ടി മൊറയൂര്‍ ഹില്‍ടോപ്പില്‍ നടത്തിയ പരിശോധനയില്‍ വണ്ടൂര്‍ വാണിയമ്പലം കുറ്റിയില്‍ സ്വദേശികളായ സംഘത്തലവന് മാട്ടറ വീട്ടില്‍ സജിന്‍ (40), കാട ബാബു എന്ന മുണ്ടേങ്ങാടന്‍ സുധീര്‍ബാബു (41), വലശ്ശേരി മുഹമ്മദ് റാഫി (35), എറണാകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫര്ഹാന് (22), ഫോര്‍ട്ട്കൊച്ചി സ്വദേശി കാവത്തി മനയത്ത് വീട്ടില്‍ തൗഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വില്പനക്കെത്തിച്ച 100 ഗ്രാം എം.ഡി.എം.എയും വാഹനവും പിടികൂടി. വാണിയമ്പലം സ്വദേശിയായ സജിന്റെ നേതൃത്വത്തിെല അന്തര്‍ സംസ്ഥാന ലഹരികടത്ത് സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിലാണ് കച്ചവടം നടന്നിരുന്നത്. ഫോര്‍ട്ട്കൊച്ചി കേന്ദ്രീകരിച്ചും ഇവര്‍ ലഹരി വിൽപന നടത്തുന്നുണ്ട്.
തിരുവനന്തപുരം: ഒരു കോടിയോളം രൂപ വിലമതിക്കുന്ന 310 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കടയ്ക്കാവൂര്‍ പൊലീസും ജില്ല റൂറൽ ലഹരി വിരുദ്ധ പ്രത്യേക ആക്ഷന്‍ഫോഴ്സും (ഡാൻസാഫും) സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരിശേഖരം പിടികൂടിയത്. ചിറയിന്‍കീഴ് പെരുങ്ങുഴി നാലുമുക്ക് വിശാഖ് വീട്ടില്‍ ശബരിനാഥ് (42), വര്‍ക്കല അയിരൂര്‍ കുളത്തറ നിഷന്‍ മന്‍സിലില്‍ നിഷാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
ഒരു കൊലപാതകക്കേസും മൂന്ന് ലഹരി കേസുകളും ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് ശബരിനാഥെന്ന് ജില്ല റൂറല്‍ പൊലീസ് മേധാവി ഡി. ശില്പ ദേവയ്യ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ എല്‍എല്‍.ബി കോഴ്സിന് ചേര്‍ന്നിരുന്നു. പഠനം പൂര്‍ത്തിയാക്കിയില്ല. വക്കീലാണെന്ന് പറഞ്ഞ് നിരവധിപേരെ കബളിപ്പിച്ച കേസുമുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ പലരും. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി സ്വീകരിക്കും.
ബംഗളൂരുവിൽനിന്ന് ട്രെയിനിലാണ് മയക്കുമരുന്ന് കൊല്ലത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗം സഞ്ചരിക്കവേ കടയ്ക്കാവൂര്‍ മണനാക്ക് ജങ്ഷനിൽ പിടിയിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.