കോഴിക്കോട്: കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷകൾക്ക് വക നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. ഹിജാബ് നിരോധനത്തിലൂടെയും മുസ്‍ലിം സംവരണം എടുത്തുകളഞ്ഞും വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിയെ ജനം തള്ളിക്കളഞ്ഞു. കർണാടകയിലെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ടു. വർഗീയ കാർഡ് ഉപയോഗിച്ച് അധികകാലം ബി.ജെ.പിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് കർണാടകയിൽ മുസ്‍ലിംലീഗ് ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഈ വിജയം രാജ്യം മുഴുവൻ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി നടന്നുതീർത്ത രാഹുൽ ഗാന്ധിയുടെ വിജയം കൂടിയാണ്.
ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നടന്നുനീങ്ങുമ്പോൾ കർണാടക നൽകുന്നത് വലിയ പ്രതീക്ഷ തന്നെയാണ്. വർഗീയതക്കും വെറുപ്പിനുമെതിരെ കർണാടക പ്രതികരിച്ചിരിക്കുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയത്തെ അവർ സ്വീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയ സംസ്‌കാരം രാജ്യം മുഴുവൻ പടരട്ടെ എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.