കോഴിക്കോട്: ഖത്തർ കെ.എം.സി.സി നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‍ലിയക്ക് അപ്രഖ്യാപിത വിലക്ക്. വ്യാഴാഴ്ച വൈകുന്നേരം ദോഹയിൽ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ വനിതാ വിങ് പ്രഖ്യാപന പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ അവരെ ‘ഔദ്യോഗിക’ നിർദേശ പ്രകാരം സംസാരിക്കാൻ അവസരം നൽകാതെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ വിഡിയോയിൽ ഏക സിവിൽകോഡിനെതിരെ പരാമർശം നടത്തിയതും സി.എ.എ സമര വേദികളിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചതും വിലക്കിന് കാരണമായെന്നാണ് ആരോപണം.
കെ.എം.സി.സി ഭാരവാഹികളെ ഫോണിൽ വിളിച്ച് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഒഴിവാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.സിക്കു കീഴിലുള്ള അബൂഹമൂറിലെ അശോകഹാളിലായിരുന്നു ‘എംബ്രേസ് 24’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഇതിനു പുറമെ, രണ്ടു ദിവസങ്ങളിലായി ഷെഡ്യൂൾ മുഴുവൻ പരിപാടികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
അതേസമയം, എംബസി അപെക്സ് ബോഡിയായ ഐ.സി.സിയുടെ ഹാൾ രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ഐ.സി.സി നിർദേശത്തെ തുടർന്നാണ് അഡ്വ. ഫാത്തിമ തഹ്ലിയയുടെ പരിപാടി റദ്ദാക്കിയതെന്ന് കെ.എം.സി.സി ഭാരവാഹികൾ 'മാധ്യമ’ത്തോട് പ്രതികരിച്ചു. കലാ, സാംസ്കാരിക പരിപാടികളുടെ മാത്രം വേദിയായ ഐ.സി.സി ഹാൾ ഉപയോഗിക്കണമെന്നാണ് ചട്ടമെന്നും ഇത് മുഖവിലക്കെടുത്താണ് പരിപാടിയിൽ നിന്നു മുഖ്യപ്രഭാഷകയെ ഒഴിവാക്കിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
കെ.എം.സി.സി പരിപാടിയിൽ നിന്നും പ്രഭാഷകയെ ഒഴിവാക്കിയ കാര്യം അറിയില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും അറിയിച്ചു. അതേസമയം, കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കൾ പലകാലങ്ങളിലായി ഐ.സി.സി അശോകഹാളിൽ പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇതുവരെ പ്രശ്നമായിരുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി വിമർശനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.