കോഴിക്കോട്: അടിമുടി വിവാദങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അതെല്ലാം വോട്ടിലേക്ക് വഴിതുറക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ്. അതിെൻറ ബലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു മുന്നണി. എന്നാൽ, മലപ്പുറത്തും വയനാട്ടിലും മാത്രം പച്ചതൊട്ടതൊഴിച്ചാൽ കനത്ത തിരിച്ചടിയാണ് ഫലപ്രഖ്യാപനം യു.ഡി.എഫിന് സമ്മാനിച്ചത്. നിയമസഭ തെരെഞ്ഞടുപ്പിന് മുന്നോടിയായ സെമിഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ വോട്ടെടുപ്പിൽ പിന്നാക്കം പോയത് മുന്നണിയുടെ ആത്മവിശ്വാസത്തിനും തിരിച്ചടിയേൽപിക്കും.
ത്രിതല പഞ്ചായത്തിൽ ഏറെ പിന്നാക്കം പോയത് യു.ഡി.എഫിെൻറ അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യം നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയ രണ്ടു കോർപറേഷനുകളിൽ ഒന്നു മാത്രമേ വ്യക്തമായ ഭൂരിപക്ഷത്തിൽ നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞുള്ളൂ. ശക്തികേന്ദ്രമായ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായത് എൽ.ഡി.എഫ്. ആറു കോർപറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും വീണ്ടും ഇടതിനൊപ്പം കരുത്തോടെ നിലയുറപ്പിച്ചേപ്പാൾ ഇവിടങ്ങളിൽ യു.ഡി.എഫിന് ശക്തി ക്ഷയിച്ചു. തൃശൂരിൽ ഇരുമുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. രാഷ്ട്രീയമായി ജനം വോട്ടു ചെയ്യുന്നുവെന്ന് കരുതെപ്പടുന്ന ജില്ല പഞ്ചായത്തിൽ 14ൽ മൂന്നു ജില്ലകളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ നേടാനായത്.
സംസ്ഥാനത്ത് ഇടതു ഭരണം ഏെറ വിവാദങ്ങളിൽ പെട്ടുഴലുന്ന സമയമായിട്ടും അവ വോട്ടാക്കി മാറ്റാൻ കഴിയാതിരുന്നത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ കനത്ത നിരാശ സൃഷ്ടിച്ചിട്ടുണ്ട്. സ്വർണക്കടത്ത് ഉൾപെടെയുള്ള വിവാദങ്ങൾ ഇടതുമുന്നണിക്കെതിരായ പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടെന്ന കണക്കൂകൂട്ടലിലായിരുന്നു യു.ഡി.എഫ്. എന്നാൽ, പ്രതിച്ഛായ മങ്ങിയതിനിടയിലും ചിട്ടയായ പ്രവർത്തനം നടത്തിയാണ് ഇടതുമുന്നണി ഈ എതിർതരംഗങ്ങളെ മറികടന്ന് മികച്ച വിജയം പിടിച്ചെടുത്തത്. സ്ഥാനാർഥി നിർണയത്തിലും എൽ.ഡി.എഫ് ഏറെ മുന്നിട്ടുനിന്നു. തദ്ദേശ തെരെഞ്ഞടുപ്പിൽ ഉയർത്തിക്കാട്ടേണ്ട പല പ്രാദേശിക വിഷയങ്ങളേക്കാളും സംസ്ഥാനത്തുയർന്ന വിവാദങ്ങളെ മാത്രം ആശ്രയിച്ചതടക്കമുള്ള പിഴവുകളും യു.ഡി.എഫിന് തിരിച്ചടിയായി.
കെ.എം. മാണിയുടെ നിര്യാണത്തിനുപിന്നാലെ പിളർന്ന കേരള കോൺഗ്രസ് എമ്മിൽ പി.ജെ. ജോസഫിനെ ഒപ്പം നിർത്തി ജോസ് വിഭാഗത്തെ പുറന്തള്ളാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഫലപ്രഖ്യാപനം. പരമ്പരാഗതമായി യു.ഡി.എഫിനോട് കൂറുപുലർത്തിയിരുന്ന കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തിെൻറ ചില ഭാഗങ്ങളിലുമടക്കം യു.ഡി.എഫിന് തിരിച്ചടിയേൽപിക്കാൻ ജോസിനും കൂട്ടർക്കും കഴിഞ്ഞു. ജോസ്.കെ. മാണിയെ മുൻനിർത്തി ക്രിസ്ത്യൻ വോട്ടുബാങ്കിൽ കയറിക്കൂടാനുള്ള ഇടതുപദ്ധതികൾ വലിയൊരളവിൽ വിജയം കണ്ടുവെന്നാണ് ഫലം തെളിയിക്കുന്നത്.
ജോസിനെയും കൂടെ നിർത്തണമെന്ന് യു.ഡി.എഫിലെ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മറിച്ചായിരുന്നു മുന്നണി തീരുമാനം. ഒരു ജില്ല പഞ്ചായത്തിെൻറ പേരിൽ ജോസ് വിഭാഗത്തെ ഇറക്കി വിടേണ്ടിയിരുന്നിെല്ലന്ന വാദഗതിക്ക് ഇനി മേൽക്കൈ ലഭിക്കും. എൽ.ജെ.ഡി മുന്നണി വിട്ടതും യു.ഡി.എഫിന് എതിരായപ്പോൾ അവരെയും ഐ.എൻ.എല്ലിനെയുമടക്കം ഉൾപെടുത്തി മുന്നണി വിപുലീകരിച്ച എൽ.ഡി.എഫിെൻറ തന്ത്രപരമായ നീക്കങ്ങൾ കുറിക്കുകൊണ്ട തെരഞ്ഞെടുപ്പാണിത്.
സംഘടനാ പ്രവർത്തനത്തിലെ പാളിച്ചയും കെട്ടുറപ്പില്ലായ്മയും പലയിടങ്ങളിലും കോൺഗ്രസിന് തിരിച്ചടി നൽകിയപ്പോൾ ഗ്രൂപ്പു പോരടക്കം അതിന് ആക്കം കൂട്ടി. വിജയ സാധ്യത കണക്കിലെടുക്കാതെ ഗ്രൂപ്പ്-സമുദായ സമവാക്യങ്ങൾ മുൻനിർത്തി സ്ഥാനാർഥികെള നിശ്ചയിച്ചത് പലയിടങ്ങളിലും പരാജയത്തിന് വഴിയൊരുക്കിയെന്ന വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടി സംവിധാനത്തിൽ ഏറെ മാറ്റിത്തിരുത്തലുകൾ വരുത്തണമെന്നാണ് ആവശ്യം. സംഘടനാ തലത്തിൽ അഴിച്ചുപണികൾ ഉൾപെടെയുള്ളവ കോൺഗ്രസിന് കൈക്കൊള്ളേണ്ടിവരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്ന ജനകീയ നേതാവിനെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലേക്കും പാർട്ടിക്ക് മാറ്റിച്ചവിട്ടേണ്ടിവരും. കോൺഗ്രസിനെതിരെ വിമർശനവുമായി കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഇന്ന് രംഗത്തുവന്നതും മുന്നണിയിൽ ഏറെ പുനരാലോചനകൾക്ക് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.