തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി തുടർച്ചയായി മൂന്നാം തവണയും ആനാവൂർ നാഗപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച അവസാനിച്ച ജില്ല സമ്മേളനത്തിലാണ് നാഗപ്പൻ വീണ്ടും അമരത്തെത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.
2016ൽ കടകംപള്ളി സുരേന്ദ്രൻ നിയമസഭ െതരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് താൽക്കാലിക സെക്രട്ടറിയായി ആനാവൂർ നാഗപ്പനെത്തുന്നത്. കടകംപള്ളി വിജയിച്ച് മന്ത്രിയായതോടെ പൂർണചുമതലയോടെ ജില്ല സെക്രട്ടറിസ്ഥാനത്ത് ആനാവൂർ നാഗപ്പൻ തുടർന്നു. 2018ലെ ജില്ല സമ്മേളനത്തിലാണ് ആദ്യമായി സമ്മേളനത്തിലൂടെ ജില്ല സെക്രട്ടറിയാവുന്നത്. സമ്മേളനത്തിലൂടെ തുടർച്ചയായി ഇത് രണ്ടാംതവണയാണ് അദ്ദേഹം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
46 അംഗ ജില്ല കമ്മിറ്റിയെയും 12 അംഗ ജില്ല സെക്രേട്ടറിയറ്റിനെയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു. നിലവിലെ ജില്ല കമ്മിറ്റിയിൽനിന്ന് ഒമ്പത് പേർ ഒഴിവായപ്പോൾ ഒമ്പതുപേർ പുതുതായെത്തി. ജില്ല സെക്രട്ടേറിയറ്റിലും നാല് പുതുമുഖങ്ങളുണ്ട്. പ്രമോഷ്, ഷിജുഖാൻ, വി. അമ്പിളി, ശൈലജ ബീഗം, പ്രീജ, ഡി.കെ. ശശി, ആർ. ജയദേവൻ, വിനീഷ്, എസ്.പി. ദീപക് എന്നിവർ ജില്ല കമ്മിറ്റിയിലേക്കും കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി, എസ്. പുഷ്പലത, വി. ജോയി എന്നിവർ ജില്ല സെക്രട്ടേറിയറ്റിലേക്കും പുതുതായെത്തി.
ജില്ല കമ്മിറ്റി: ആനാവൂർ നാഗപ്പൻ, സി. ജയൻബാബു, സി. അജയകുമാർ, ബി.പി. മുരളി, എൻ. രതീന്ദ്രൻ, ആർ. രാമു, കെ.സി. വിക്രമൻ, പുത്തൻകട വിജയൻ, വി.കെ. മധു, ഇ.ജി. മോഹനൻ, എസ്.എസ്. രാജലാൽ, ബി. സത്യൻ, കരമന ഹരി, പി. രാജേന്ദ്രകുമാർ, എം.എം. ബഷീർ, സി.കെ. ഹരീന്ദ്രൻ, വി. ജയപ്രകാശ്, കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, മടവൂർ അനിൽ, എ.എ. റഷീദ്, എസ്. പുഷ്പലത, അഡ്വ. വി. ജോയി, ആർ. സുഭാഷ്, പി. രാമചന്ദ്രൻ നായർ, ഐ. സാജു, എ.എ. റഹീം, കെ. ശശാങ്കൻ, എസ്. ഷാജഹാൻ, വി.എസ്. പത്മകുമാർ, എം.ജി. മീനാംബിക, കെ. ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ്.എ. സുന്ദർ, സി. ലെനിൻ, പി.എസ്. ഹരികുമാർ, പ്രമോഷ്, ഷിജുഖാൻ, വി. അമ്പിളി, ശൈലജബീഗം, പ്രീജ, ഡി.കെ. ശശി, ആർ. ജയദേവൻ, വിനീഷ്, എസ്.പി. ദീപക്.
ജില്ല സെക്രേട്ടറിയറ്റ്: ആനാവൂർ നാഗപ്പൻ, സി. ജയൻബാബു, സി. അജയകുമാർ, ബി.പി. മുരളി, എൻ. രതീന്ദ്രൻ, ആർ. രാമു, കെ.സി. വിക്രമൻ, പുത്തൻകട വിജയൻ, കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി, എസ്. പുഷ്പലത, വി. ജോയി.
മുൻ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്ത്, പ്രമുഖ നാടകകൃത്ത് പിരപ്പൻകോട് മുരളി ഉൾപ്പെടെ ഒമ്പത് ജില്ല കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കിയും ഒമ്പത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുമാണ് സി.പി.എമ്മിന്‍റെ പുതിയ ജില്ല കമ്മിറ്റി രൂപവത്കരിച്ചത്. കമ്മിറ്റിയുടെ അംഗസംഖ്യ 45ൽനിന്ന് 46 ആയും ജില്ല സെക്രട്ടേറിയറ്റിന്റേത് 11ൽനിന്ന് 12 ആയും ഉയർത്തി.
എസ്. പുഷ്പലത തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റിലെ ആദ്യ വനിതയായി. സംഘടന പ്രവർത്തനംകൊണ്ട് ശ്രദ്ധേയയായിരുന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയിലെ പുരുഷാധിപത്യത്തിൽ തഴയപ്പെടുകയായിരുന്നു. ഇത്തവണ ജില്ല സെക്രട്ടേറിയറ്റിൽ ഒരു വനിതയെ നിർബന്ധമാക്കി സംസ്ഥാന നേതൃത്വം നിബന്ധന കൊണ്ടുവന്നപ്പോഴാണ് പുഷ്പലതക്ക് പ്രാതിനിധ്യം ലഭിച്ചത്.
കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി, എസ്. പുഷ്പലത, വി. ജോയി എന്നിവരാണ് പുതിയ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ. കാട്ടാക്കട ശശിയുടെയും തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്‍റെയും ഒഴിവുകളാണ് സെക്രട്ടേറിയറ്റിലുണ്ടായിരുന്നത്. ജില്ല കമ്മിറ്റിയിൽ ചെറ്റച്ചൽ സഹദേവൻ ഒഴിവാക്കപ്പെട്ടപ്പോൾ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്‍റെ സ്ഥാനവും ഒഴിവ് വന്നു.
ജില്ല കമ്മിറ്റി അംഗമെന്ന നിലയിൽ സംഘടന പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്ന വിമർശനം ജില്ല സമ്മേളനത്തിലവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സമ്പത്തിനെതിരെ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ല കമ്മിറ്റിയിൽനിന്നുള്ള പുറത്താകൽ. നേരത്തേ എം.പിയായിരുന്നപ്പോഴും സമ്പത്തിന്‍റെ പ്രവർത്തനത്തിനെതിരെ ജില്ലയിൽ പരക്കെ വിമർശനമുണ്ടായിരുന്നു.
10 ശതമാനം സംവരണം കൊണ്ടുവന്നതോടെ ജില്ല കമ്മിറ്റിയിലെ വനിത പ്രാതിനിധ്യം നിലവിലുണ്ടായിരുന്ന മൂന്നിൽനിന്ന് അഞ്ചായി ഉയർത്തി. അതേസമയം, നിലവിലെ ജില്ല കമ്മിറ്റിയിൽ അംഗമായിരുന്ന ഡബ്ല്യു.ആർ. ഹീബയെ ഒഴിവാക്കി. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സണായിരിക്കെ, ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി ജില്ല നേതൃത്വത്തിന് അനഭിമതയായിരുന്നു ഹീബ.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി വി. അമ്പിളി, കർഷകസംഘം അഖിലേന്ത്യ നേതാവ് പ്രീജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം എന്നിവർ പുതു വനിത മുഖങ്ങൾ.
40 വയസ്സിൽ താഴെയുള്ള യുവപ്രാതിനിധ്യം കണക്കിലെടുത്ത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.പി. പ്രമോഷും ജില്ല കമ്മിറ്റിയിലെത്തി. ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷിജുഖാൻ, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ. ജയദേവൻ, വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എസ്.പി. ദീപക് എന്നിവരും പുതുതായെത്തി.
എം.എൽ.എ വി.കെ. പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും ജില്ല കമ്മിറ്റിയിലെത്തുമെന്ന സൂചനകളുണ്ടായെങ്കിലും ഇവരെ പരിഗണിച്ചില്ല. ആര്യ രാജേന്ദ്രനെ ചാല ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിരപ്പൻകോട് മുരളിയാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ശേഷം അദ്ദേഹം സംഘടനാ രംഗത്ത് സജീവമല്ല. ജില്ല കമ്മിറ്റിയംഗമായിട്ടും ജില്ല സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. 75 പ്രായപരിധി കണക്കിലെടുത്തുള്ള മാറ്റത്തിൽ പിരപ്പൻകോടിനു പുറമെ, ചെറ്റച്ചൽ സഹദേവൻ, പട്ടം വാമദേവൻ നായർ, തിരുവല്ലം ശിവരാജൻ, പുല്ലുവിള സ്റ്റാൻലി, ജി. രാജൻ, ജി. സദാനന്ദൻ എന്നിവരും ഒഴിവാക്കപ്പെട്ടു.
ചെറ്റച്ചലിന് 75 ആയില്ലെന്ന വാദഗതികളുമുയർന്നു. 11 അംഗ ജില്ല സെക്രട്ടേറിയറ്റിൽ അന്തരിച്ച കാട്ടാക്കട ശശിയുടെയും തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്റെയും ഒഴിവുകളാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.