പത്തനംതിട്ട: കാലഹരണപ്പെട്ട കുറേ നേതാക്കളും കാലഹരണപ്പെട്ട കുറേ ചിന്താഗതിയുമുള്ള ആൾക്കാരാണ് ഇന്ന് കോൺഗ്രസിലുള്ളതെന്നും ഏതൊരു കോൺഗ്രസ് പ്രവർത്തകനെയും കാണുമ്പോൾ എനിക്ക് സഹതാപവും ദു:ഖവുമാണ് തോന്നുന്നതെന്നും പത്തനം തിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥിയും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി. എ.കെ ആന്റണിയെ കാണുമ്പോഴും എനിക്ക് വളരെ സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിക്കരുതെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.
‘എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയാണ് എ.കെ. ആൻറണി. 84 വയസ്സായി. പക്ഷെ ഇന്നും രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. പഴയ പ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യൻ സൈന്യത്തെയും സൈനികരെയും അവഹേളിച്ച, പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശാൻ ശ്രമിച്ച രാജ്യവിരുദ്ധനായ, ചതിയനായ ഒരു എം.പിക്ക് വേണ്ടി സംസാരിച്ച് കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നിയത്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയെ ജനം മൂന്നാം തവണയും ചവറ്റുകൊട്ടയിലേക്കെറിയും. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. ഇതെല്ലാം കണ്ട് കോൺഗ്രസ് പാർട്ടിയിലെ കാലഹരണപ്പെട്ടവരും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരും ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടികളെ പോലെ കുരച്ചുകൊണ്ടേയിരിക്കും’ -അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസ് പഴയ കോൺഗ്രസല്ല. കോൺഗ്രസ് പാർട്ടി ഇന്ന് വെറുമൊരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു രാജ്യവിരുദ്ധ പാർട്ടിയാണ്. അതിനെ രാഹുൽ ഗാന്ധി വളർത്തി വളർത്തി പാതാളത്തിലെത്തിച്ചു. 15 വർഷമായി പത്തനംതിട്ട മണ്ഡലത്തിൽ ഒരു വികസനവും നടന്നിട്ടില്ല. ആന്റോ ആന്റണി ചില തീവ്ര ചിന്താഗതിയുള്ള മുസ്‍ലിം വോട്ടുകൾക്ക് വേണ്ടി മാത്രം ഇന്ത്യയെ തള്ളിപ്പറഞ്ഞു, ഇന്ത്യൻ സൈന്യത്തെ അപമാനിച്ചു. പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശി. ഇതുപോലുള്ള രാജ്യവിരുദ്ധ നയങ്ങൾ പിന്നെയും പിന്നെയും എടുക്കുന്നതിനാലാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തിൽനിന്ന് കോൺഗ്രസിനെ ഇന്ത്യൻ ജനത ചവറ്റുകൊട്ടയിലേക്കെറിഞ്ഞത്.
ഈ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി 370ലധികം സീറ്റുകളോടെ വിജയിക്കും. 400ലധികം സീറ്റുകൾ എൻ.ഡി.എക്ക് ലഭിക്കും. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കില്ല. പത്തനംതിട്ടയിൽ ഞാൻ വിജയിക്കും. രാജ്യവിരുദ്ധനായ, തീവ്രവാദികളെ പിന്തുണച്ച ആന്റോ ആന്റണി വലിയ വോട്ടിന് പരാജയപ്പെടും. കൂടുതൽ തീവ്രവാദം ഉണ്ടാക്കാനാണോ കോൺഗ്രസ് ജയിക്കേണ്ടത്.
ഞാനിന്ന് നരേന്ദ്ര മോദി നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ദേശീയ സെക്രട്ടറിയാണ്, ദേശീയ വക്താവാണ്, ദേശീയ മാനിഫെസ്റ്റോ കമ്മിറ്റിയിലിരിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള ഞാൻ യാതൊരു പ്രസക്തിയുമില്ലാത്ത കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചുപോകുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോയെന്നും അനിൽ ആന്റണി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.