തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയംഗം അനില്‍കുമാറിന്റെ പ്രസ്താവന ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന മനോഭാവത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം എല്ലാകാലത്തും ഇസ്ലാമിക ആശയത്തോട് കടുത്ത അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസമെന്നും അതിന്റെ ഒടുവിലത്തെ വെളിപാടാണ് അനില്‍കുമാറിന്റേത് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത് മുഖം രക്ഷിക്കാന്‍ മാത്രമാണ്. ഗോവിന്ദന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടെങ്കില്‍ അതിന് വിരുദ്ധമായി പരസ്യപ്രസ്താവന നടത്തിയ അനില്‍ കുമാറിനെതിരേ നടപടിയെടുക്കാന്‍ ആര്‍ജ്ജവം കാണിച്ച് സത്യസന്ധത തെളിയിക്കണം.
എല്ലാ വിഭാഗങ്ങളുടെയും സ്വത്വബോധത്തെ അംഗീകരിക്കലാണ് ബഹുസ്വരത. എന്നാല്‍, ചില വിഭാഗങ്ങളുടെ സ്വത്വത്തെയും വിശ്വാസങ്ങളെയും ജീവിതശൈലികളെയും ആചാരങ്ങളെയും തങ്ങളുടെ സംഘടനാ സ്വാധീനം കൊണ്ട് തകര്‍ത്തു കളഞ്ഞാലേ മതനിരപേക്ഷത പൂർണമാകൂ എന്നാണ് സി.പി.എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നിലപാട്. കാമ്പസുകളില്‍ എസ്.എഫ്.ഐ ഉള്‍പ്പെടെ ഇസ്ലാമിനെക്കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാറുണ്ട്.
എല്ലാത്തരം മൂല്യങ്ങളെയും നിരാകരിക്കലാണ് നവോഥാനം എന്ന നിലയ്ക്കുള്ള പ്രചാരണം പുതിയ തലമുറയെ സാമൂഹികവിരുദ്ധരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരും ധാര്‍മിക വിരുദ്ധനും ആക്കി മാറ്റുന്നുണ്ട്. അനില്‍ കുമാര്‍ നടത്തിയ ഗുരുതരമായ പ്രസ്താവന ഉടന്‍ പിന്‍വലിക്കണം. ഇത്തരം നിലപാടുകള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.