കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം വൈകിപ്പിച്ചതിനെത്തുടർന്ന് സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീർപ്പാക്കി. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽതന്നെ നിയമനം നൽകാൻ കഴിഞ്ഞ മാർച്ച് ഒന്നിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന സർക്കാറിന്‍റെ ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളജിൽ ജീവനക്കാരൻ പ്രതിയായ പീഡനക്കേസിൽ ഇരയെ സ്വാധീനിക്കാൻ ഇടതുപക്ഷ സർവിസ് സംഘടനയിലുള്ള സഹപ്രവർത്തകർ ശ്രമിച്ചെന്ന് അനിത അന്വേഷണ സമിതിക്ക് മൊഴി നൽകിയിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് ജനുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി. ഇതിനെതിരെ സർക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കേരള അഡ്മിസിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (കെ.എ.ടി) നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയിൽ അപ്പീൽ നൽകുകയും അനുകൂല ഉത്തരവുണ്ടാവുകയും ചെയ്തത്.
എന്നാൽ, ഈ ഉത്തരവ് ഹാജരാക്കിയിട്ടും നിയമനം നൽകിയില്ലെന്നാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കി നൽകിയ ഹരജിയിൽ അനിതയുടെ ആരോപണം. ഹരജി പരിഗണിക്കവേ കോടതിയുടെ ഉത്തരവ് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ അനിതക്ക് നിയമനം നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തുടർന്നാണ് ഹരജി കോടതി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.