അഞ്ജലി ഒളിവിലെന്ന് പൊലീസ്; കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളായ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് ഒളിവിലാണെന്ന് പൊലീസ്. അഞ്ജലിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

ക്രൈംബ്രാ‍ഞ്ച് എ.സി.പി ബിജി ജോർജിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പെൺകുട്ടികളെ കാറിൽ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ, ഹോട്ടലുടമ റോയ് ജെ. വയലാട്ട് കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. കേസില്‍ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പ്രതി അഞ്ജലി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ആരോപണം. താൻ കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമായി. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളെ കൂട്ടി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്‍റെ കൂടെയും വന്നിട്ടുണ്ട്. 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ അറിയില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ജലി പറയുന്നു. 

Tags:    
News Summary - Anjali absconding Police Special team to find and arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.