തിരുവനന്തപുരം: പൊലീസിന് കൂടുതൽ അധികാരം നൽകുന്ന കമീഷണറേറ്റ് സംവിധാനം നടപ്പാക്കാൻ വീണ്ടും നീക്കം. െഎ.എ.എസുകാരുടെ എതിർപ്പിൽ നടക്കാെതപോയ സംവിധാനം ഏർപ്പെടുത്താനാണ് ലോക്നാഥ് ബെഹ്റ വിരമിക്കും മുമ്പ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കമീഷണറേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. മുമ്പ് ഇതിനായി തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമീഷണർമാരായി െഎ.ജിമാരെ നിയോഗിച്ചെങ്കിലും അധികാരം കൈമാറിയില്ല.
മജിസ്റ്റീരിയൽ അധികാരങ്ങൾ ഉൾപ്പെടെ െഎ.ജിമാർക്ക് നൽകുന്ന സംവിധാനമാണ് കമീഷണറേറ്റ്. എന്നാൽ, കലക്ടർമാരുടെ അധികാരം കവരുന്ന സംവിധാനം െഎ.എ.എസ് ലോബി എതിർത്തു. ഗുണ്ട നിയമപ്രകാരം അറസ്റ്റ് ചെയ്യാനും കരുതൽ തടങ്കലിൽ പാർപ്പിക്കാനുമുള്ള അധികാരം കമീഷണർമാർക്ക് നൽകുന്നതായിരുന്നു സംവിധാനം. വെടിവെക്കാൻ അനുമതി നൽകുന്ന ഉത്തരവാദിത്തംവരെ കമീഷണർക്ക് ലഭിക്കും.
ഒരാളെ പിടികൂടുന്നതും ശിക്ഷ വിധിക്കുന്നതും ഒരേ സംവിധാനമാകുന്നത് നീതിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുണ്ടായത്. പൊലീസിന് കൂടുതൽ അധികാരം നൽകുന്നത് ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി. ആ സാഹചര്യത്തിലാണ് കൂടുതൽ അധികാരങ്ങൾ ഒഴിവാക്കി കമീഷണറേറ്റ് സംവിധാനം നടപ്പാക്കണമെന്ന ശിപാർശ.
കലക്ടർമാർക്കുള്ള എല്ലാ മജിസ്റ്റീരിയൽ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ട നിയമം നടപ്പാക്കാനുള്ള അധികാരം നൽകിയാൽ മതിയെന്നുമാണ് ബെഹ്റയുടെ നിർദേശം. നഗരങ്ങളിൽ ഗുണ്ടാ- മാഫിയ പ്രവർത്തനം അമർച്ച ചെയ്യാൻ കമീഷണറേറ്റ് അനിവാര്യമാണെന്നതാണ് ന്യായം.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് കമീഷണറേറ്റുകൾ സ്ഥാപിക്കാൻ ഉത്തരവായത്. ഇപ്പോൾ ഗുണ്ട നിയമപ്രകാരം കരുതൽ തടങ്കലിന് അനുമതി നൽകുന്നത് കലക്ടർമാരാണ്. അനുമതി തേടി ആയിരക്കണക്കിന് അപേക്ഷ കെട്ടിക്കിടക്കുകയാണെന്നാണ് പൊലീസ് വാദം. തുടർച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കെതിരെ ബോണ്ട് ചുമത്താനുള്ള അപേക്ഷകളിലും നടപടിയില്ല. തീരുമാനം വൈകുന്നതിനാൽ ഗുണ്ടാപ്രവർത്തനങ്ങള്‍ വർധിക്കുന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.