തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാമർശങ്ങൾ ഹിന്ദുവിരുദ്ധമാണെന്നാരോപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അന്വേഷണം കന്റോൺമെന്റ് എ.സിക്ക് കൈമാറി.
ജൂലൈ 21ന് കുന്നത്തുനാട് ജി.എച്ച്.എസ്.എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ ഹിന്ദുദൈവ സങ്കൽപങ്ങൾക്കെതിരെയും വിശ്വാസങ്ങൾക്കെതിരെയും നടത്തിയ പ്രസ്താവനക്കെതിരെയാണ് പരാതി. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്താണെന്ന് പ്രസംഗിച്ചതായാണ് പരാതി. സമൂഹമാധ്യമത്തിൽ വന്ന വിഡിയോദൃശ്യത്തിന്റെ ലിങ്കും പരാതിയിൽ സൂചിപ്പിച്ചു.
ഇസ്ലാമിലുള്ള തന്റെ വിശ്വാസത്തെയും ഇസ്ലാമിലെ മലക്ക് മുതലായ സങ്കൽപങ്ങളെയും കുറിച്ച് വാചാലനാകുന്ന ഷംസീർ യുക്തിചിന്ത വളർത്തുകയെന്ന വ്യാജേന ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയാണ്. നിയമസഭ സ്പീക്കർ സ്കൂൾ വിദ്യാർഥികളുടെ മുന്നിൽ ഇത്തരം പ്രസ്താവന നടത്തിയത് അത്യന്തം ഗൗരവമായി കാണണം. ഈ പ്രസംഗം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രാജ്യമാകമാനം പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. അത് ഹിന്ദുമതവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.
തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ ഷംസീർ ഹിന്ദു ദേവതാസങ്കൽപങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദുമതത്തെയും ഹിന്ദുമതവിശ്വാസികളെയും പൊതുമധ്യത്തിൽ അവഹേളിക്കാനും മതവിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥർ തമ്മിൽ വർഗീയസംഘർഷം ഉണ്ടാക്കാനും മനഃപൂർവം ലക്ഷ്യമിട്ടാണ്. ഈ പ്രവൃത്തി ഇന്ത്യൻ ശിക്ഷാനിയമം 153 എ, 295 എ എന്നിവ പ്രകാരം ശിക്ഷാർഹമാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നയാൾ മറ്റൊരു മതത്തെ മാത്രം െതരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നത് തികഞ്ഞ വർഗീയതയാണ്. ഷംസീറിനെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.