തൊടുപുഴ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ല കോൺഗ്രസ് അധ്യക്ഷൻ സി.പി. മാത്യുവിന് പിന്തുണയുമായി മഹിള കോൺഗ്രസ്.
സി.പി. മാത്യുവിന്റെ പ്രസംഗം സി.പി.എം വളച്ചൊടിക്കുകയായിരുന്നുവെന്നും സി.പി.എമ്മിൽനിന്ന് ലഭിക്കുന്ന സുഖം ഭരണസുഖമെന്നാണ് ഉദ്ദേശിച്ചതെന്നും ഇവർ നടത്തുന്ന രാഷ്ട്രീയ നാടകമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണമെന്നും മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ഇന്ദു സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിനെതിരെ സി.പി.എം നടത്തുന്ന രാഷ്ട്രീയനാടകം എന്തു വിലകൊടുത്തും ചെറുക്കുമെന്നും അവർ പറഞ്ഞു.
കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് എൽ.ഡി.എഫ് പാളയത്തിൽ ചേക്കേറിയവർ ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടിവരും. നൂറുകണക്കിന് ആളുകൾ കഠിനപ്രയത്നം നടത്തിയാണ് രാജി ചന്ദ്രനെ വിജയിപ്പിച്ചത്.
അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച പ്രസിഡന്റ് കൂറുമാറിയത് മാന്യതയില്ലാത്ത നടപടിയാണെന്നും മഹിള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരൻ, നൈറ്റ്സി കുര്യാക്കോസ്, ഹാജറ സെയ്തുമുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.