കൊച്ചി: പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഓഫിസിൽ എത്താനാണ് ലക്ഷ്മണക്ക് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ കഴിഞ്ഞദിവസം അറിയിച്ചു. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ.ജി ലക്ഷ്മണ ഹാജരായിരുന്നില്ല.
ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യ ഹരജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹരജിയും ഹൈകോടതി പരിഗണിക്കാനുണ്ട്. ഇതിൽ തീർപ്പായതിന് ശേഷമായിരിക്കും ഇ.ഡിയുടെ മുന്നിൽ ലക്ഷ്മണ എത്തുക.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച ഐ.ജി ലക്ഷ്മൺ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീതമായ ശക്തികൾ പ്രവർത്തിക്കുന്നുവെന്ന ആരോപണമാണുയർത്തിയത്.
മോൻസൺ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മൺ പ്രതിയായിരുന്നില്ല. എന്നിട്ടും സസ്പെൻഡ് ചെയ്തിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ലക്ഷ്മണിനെ പ്രതിയാക്കിയത്. മോൻസണുമായി ബന്ധമുള്ള പൊലീസ് മുൻ മേധാവിക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല. തന്നെ ബോധപൂർവം പ്രതിയാക്കിയെന്ന് ആരോപണം ഉയർത്തിയ കെ. സുധാകരനും ഐ.ജി ലക്ഷ്മണിന്‍റെ ആരോപണം പിടിവള്ളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.