വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണമെന്ന് ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് മന്ത്രി ആന്റണി രാജു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നൽകുകയായിരുന്നു മന്ത്രി.

വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിർമ്മാതാക്കളുടെയും ഡീലർമാരുടെയും ഇൻഷുറൻസ് സർവേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. മനുഷ്യനിർമ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്നങ്ങൾ മൂലമാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതൽ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ ഫിറ്റിംഗ്സുകൾ ഘടിപ്പിച്ച്  നിയമവിരുദ്ധമായി അൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

ഇത്തരംഅനധികൃത ആൾട്ടറേഷനുകൾ നിരുത്സാഹപ്പെടുത്തേണ്ടതും അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി അത്തരം ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അപകടമുണ്ടാകുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുമുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടി കൈക്കൊള്ളും. ഇത്തരം പ്രവർത്തികളുടെ അപകട സാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവൽക്കരിക്കുവാനും ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

വാഹനത്തിന്റെ എഞ്ചിനെയും ടാങ്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്യുവൽ ലൈനിലെ റബ്ബർ ഹോസിൽ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോർച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനങ്ങൾ അഗ്നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് ഉത്തരവായെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Antony Raju, those who make alterations in vehicles should give a certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.