തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ ഹൈകോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടാനായി ചൊവ്വാഴ്ച ഹേബിയസ് കോർപസ് ഹരജി ഹൈകോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. കൂടാതെ, കുഞ്ഞിനെ ദത്ത് നൽകിയതിന്റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്.
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലാണ് ഇന്നലെ സെക്രേട്ടറിയറ്റിന് മുന്നിൽ അനുപമ നിരാഹാരമിരുന്നത്. സമരം ആരംഭിക്കുംമുമ്പ് മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമസഹായം ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദേശം നൽകി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്റെ നടപടികൾ വഞ്ചിയൂർ കുടുംബ കോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമവിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ മാതാവ് അവകാശവാദവുമായി വന്നതും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.
'പ്രസവിച്ച കുഞ്ഞെവിടെ; കേരളമേ ലജ്ജിക്കൂ' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് ഭർത്താവ് അജിത്തിനൊപ്പം അനുപമ രാവിലെ മുതൽ നിരാഹാരമിരുന്നത്. പിന്തുണക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കിനിന്നെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം പാർട്ടിക്കെതിരല്ല, എന്നാൽ സഹായം തേടിയപ്പോൾ ഉത്തരവാദപ്പെട്ടവർ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് തയാറായില്ല. സർക്കാറും ശിശുക്ഷേമ സമതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.
കുഞ്ഞിനെ തിരികെക്കിട്ടാൻ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിൽ വൈകീട്ട് അഞ്ചോടെ അനുപമ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.