നിയമന കത്ത് വിവാദം; ഒ.ബി.സി മോർച്ച സമരം അക്രമാസക്തം, പൊലീസിനെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് അഞ്ചാം ദിനവും പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തം. ഒ.ബി.സി മോർച്ചയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.ജെ.പി കാട്ടാക്കട മണ്ഡലം പ്രസിഡന്‍റ് തിരുനെല്ലിയൂര്‍ സുധീഷിനെ ആശുപത്രിയിലേക്ക് മാറ്റി. കോർപറേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറിയ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പൂങ്കുളം സതീഷ്, ജില്ല പ്രസിഡന്‍റ് തൃപ്പലവൂര്‍ വിപിന്‍, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, സെക്രട്ടറി സഞ്ജുലാല്‍, മണ്ഡലം പ്രസിഡന്‍റുമാരായ ഇഞ്ചിവിള മഹേഷ്, മലയിന്‍കീഴ് ബിനു, മഞ്ചവിളാകം ബിനു, പാറശ്ശാല ഉണ്ണി എന്നിവരെ പൊലീസ് അറസ്റ്റ്‌ചെയ്ത് നീക്കി. മേയറുടെ രാജി ആവശ്യപ്പെട്ട് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ ചീമുട്ട എറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ്‌ നേതാവ് ബാഹുൽ കൃഷ്ണക്ക് പരിക്കേറ്റു. കോൺഗ്രസ് നേതാക്കളും കൗൺസിലർമാരും ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിഷേധശക്തി കുറഞ്ഞതോടെ രാവിലെ 9.30 ഓടെ തന്നെ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷന്‍റെ മുൻവാതിൽ വഴി ഓഫിസിലെത്തി. പിന്നാലെ യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് കൗൺസിലർമാരുടെ സത്യഗ്രഹസമരത്തിന് പിന്തുണ അർപ്പിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റി കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ധർണ നടക്കുന്നതിനിടയിൽ കോർപറേഷന്‍റെ മുഖ്യകവാടം പൊലീസ് പൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രകടനം സമാപിച്ച ശേഷം നഗരസഭക്കുള്ളിൽ കയറാൻ കൗൺസിലർമാരെ അനുവദിക്കാതിരുന്നതും വാക്കേറ്റത്തിന് ഇടയാക്കി.

കോർപറേഷൻ വളപ്പിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ എം.പി സന്ദർശിച്ചു. പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയുടെ സമാധാനപരമായ മാർച്ചിനെ സർക്കാർ ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Appointment Letter Controversy; OBC Morcha strike violent, Youth Congress taunts police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.