തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ നിയമന ഫയൽ രണ്ടു മാസത്തിനുശേഷം ഗവർണറുടെ കളത്തിൽ. ആന്റണി ഡൊമനിക് മേയ് 31ന് വിരമിച്ചിട്ടും പുതിയ ആളെ നിയമിക്കുന്നതിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് തടസ്സമായി.
കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ ചെയർമാനായി നിയമിക്കാൻ ആഗസ്റ്റ് ഏഴിന് തീരുമാനിച്ചെങ്കിലും പ്രതിപക്ഷ വിയോജിപ്പിനെ തുടർന്ന് ഗവർണറുടെ അംഗീകാരത്തിന് അയച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് ഫയൽ രാജ്ഭവനിലേക്ക് അയച്ചത്. അതിന് മുന്നോടിയായി സർക്കാറും ഗവർണറും തമ്മിലുള്ള ശീതസമരത്തിൽ അയവുവരുത്താനുള്ള ശ്രമങ്ങളും വാർത്തയായിരുന്നു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് ശിപാർശയെങ്കിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ആയിരിക്കെ നടത്തിയ വിധികളിൽ പക്ഷപാതിത്വം കാണിച്ചെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിരമിച്ച മണികുമാറിന് തലസ്ഥാനത്ത് സർക്കാർ ചെലവിൽ അസാധാരണ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവിന് പുറമെ സേവ് യൂനിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയും മണികുമാറിന്റെ നിയമനത്തിനെതിരെ ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
ഇതെല്ലാം മുന്നിൽകണ്ട് ഗവർണറെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമത്തിന് പിന്നാലെയാണ് ഫയൽ രാജ്ഭവനിലേക്ക് അയച്ചത്. ഗവർണറുടെ ക്ഷണപ്രകാരം സ്വാതന്ത്ര്യദിനത്തിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രി നടത്തിയ ഓണസദ്യക്ക് ഗവർണറെ ക്ഷണിച്ചു. സർക്കാറിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ മുഖ്യാതിഥി ഗവർണറാണ്. ഇതിനിടെ മന്ത്രി പി. രാജീവ് രാജ്ഭവനിലെത്തി ബില്ലുകളടക്കം ഗവർണറുടെ ഒപ്പുവേണ്ട കാര്യങ്ങൾക്കുള്ള അംഗീകാരവും തേടി.
നിയമപ്രകാരമുള്ള ശിപാർശയായതിനാൽ നിയമനം അംഗീകരിക്കാതിരിക്കാൻ ഗവർണർക്ക് കഴിയില്ല. എങ്കിലും രാജ്ഭവൻ തീരുമാനത്തിലെ കാലതാമസം ഒഴിവാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലകൂടി വഹിക്കുന്ന ചെയർമാൻ കസേരയിൽ ആളില്ലാത്തതിനാൽ പരാതികൾ തീർപ്പാക്കാനാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.