തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നിയമത്തിൽ തുടർനടപടികൾ ധിറുതിപ്പെട്ട് നടപ്പാക്കില്ല. സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് തുടർനടപടികൾ ആലോചനക്കുശേഷം മതിയെന്ന നിലപാടിലേക്ക് സർക്കാർ ചുവടുമാറ്റുന്നത്.
ബിൽ നിയമസഭ പാസാക്കുകയും ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടർനടപടികൾ നിർത്തി. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കരട് ചട്ടങ്ങൾ തയാറാക്കി സമർപ്പിക്കാൻ ഭരണവകുപ്പ് വഖഫ് ബോർഡിനോട് ആവശ്യപ്പെടണം. കരട് ചട്ടങ്ങൾ നിയമവകുപ്പിെൻറ ഉൾപ്പെടെ പരിശോധനക്കുശേഷം സർക്കാർ വിജ്ഞാപനം ചെയ്യുകയും പി.എസ്.സിക്ക് അയക്കുകയും വേണം. ഈ നടപടികളാണ് തൽക്കാലം നിർത്തിയത്. ചട്ടങ്ങൾ രൂപവത്കരിച്ച് വിജ്ഞാപനമിറക്കുന്നതുവരെ പി.എസ്.സിക്ക് നിയമനം നടത്താനാകില്ല.
നേരേത്ത, പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. പിന്നീട്, ബില്ലായി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിന് അയക്കുകയുമായിരുന്നു. ഓർഡിനൻസ് ഘട്ടത്തിൽ തന്നെ മുസ്ലിം സംഘടനകളിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. ഓർഡിനൻസ് നിയമമാകുന്ന ഘട്ടമെത്തിയതോടെ പ്രതിഷേധങ്ങൾക്ക് സംഘടിത രൂപം വരികയും സർക്കാറിനെതിരെ പ്രക്ഷോഭ ആഹ്വാനമുണ്ടാകുകയും ചെയ്തു. പള്ളികളിൽ വെള്ളിയാഴ്ച ബോധവത്കരണം പ്രഖ്യാപിച്ചതോടെ, കൂടുതൽ മഹല്ലുകളുടെ നിയന്ത്രണമുള്ള സുന്നി സമസ്ത വിഭാഗത്തെ ചർച്ചക്ക് വിളിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്തുവരികയായിരുന്നു. വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ സമസ്ത അധ്യക്ഷനെ നേരിട്ട് കാണുകയും മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയും ചെയ്തു.
മത-ധർമ സ്ഥാപനങ്ങളുടെ നടത്തിപ്പും സംരക്ഷണവും പൂർണമായി ബന്ധപ്പെട്ട മതവിഭാഗത്തിന് അവകാശപ്പെട്ടതാണെന്നിരിക്കെ, അനധികൃതവും നിയമവിരുദ്ധവുമായ കൈകടത്തലായാണ് സർക്കാർ നീക്കത്തെ മുസ്ലിം സംഘടനകൾ കാണുന്നത്.വിഷയത്തിൽ സർക്കാർ പുനഃപരിശോധനക്ക് തയാറാകണമെന്ന നിലപാടിലാണ് മുസ്ലിം സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.