തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിൽ സംവരണ തത്ത്വങ്ങളും സർക്കാർ കാറ്റിൽപറത്തുന്നു. ഇതിനകം സ്ഥിരപ്പെടുത്തൽ നടത്തിയ സ്ഥാപനങ്ങളിലൊന്നിലും സംവരണവിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളിലും എസ്.സി, എസ്.ടി വിഭാഗത്തിന് പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല. സർക്കാർ സർവിസിൽ 50 ശതമാനം തസ്തികകൾ സംവരണ വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതാണ്. ഇതിൽ പത്ത് ശതമാനം എസ്.സി, എസ്.ടി വിഭാഗത്തിനും 40 ശതമാനം ഒ.ബി.സി വിഭാഗത്തിനുമാണ് ലഭിക്കേണ്ടത്. എന്നാൽ, സ്ഥിരപ്പെടുത്തൽ പട്ടികയിൽ സംവരണവിഭാഗങ്ങൾ നാമമാത്രമാണെന്ന് ഒാരോ സ്ഥാപനത്തിലെയും സ്ഥിരപ്പെടുത്തൽ പട്ടിക വ്യക്തമാക്കുന്നു.
സ്കോൾ കേരള, സി ഡിറ്റ്, കെൽട്രോൺ ഉൾപ്പെടെ കൂട്ട സ്ഥിരപ്പെടുത്തൽ നടന്നയിടങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെയാണ്. സർക്കാർ സർവിസിൽ സംവരണ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന് പഠന റിപ്പോർട്ടുകളിലും കമീഷൻ റിപ്പോർട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടും തിരുത്തലിന് തയാറായിട്ടില്ല.
ഇതിന് പുറമെയാണ് സംവരണ തത്ത്വങ്ങൾ കാറ്റിൽപറത്തിയുള്ള സ്ഥിരപ്പെടുത്തൽ മേള. സ്കോൾ കേരളയിൽ 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽനിന്ന് ഒരാൾ പോലുമില്ല. പട്ടികജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ടുപേരെയാണ് നിയമിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിെൻറ സഹോദരി ഉൾപ്പെടെയുള്ളവരെയാണ് സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്തിയത്. സി -ഡിറ്റിൽ 114 പേരെയും കെൽട്രോണിൽ 296 പേരെയും സ്ഥിരപ്പെടുത്തിയപ്പോൾ പല സംവരണ വിഭാഗങ്ങൾക്കും പ്രാതിനിധ്യം പോലുമില്ല. കഴിഞ്ഞ മന്ത്രിസഭ യോഗം സ്ഥിരപ്പെടുത്തിയ ടൂറിസം വികസ കോർപറേഷനിലെ 100ഉം യുവജന ക്ഷേമബോർഡിലെ 37ഉം കോഒാപറേറ്റിവ് അക്കാദമി ഫോർ പ്രഫഷനൽ എജുക്കേഷനിലെ 14ഉം നിർമിതി കേന്ദ്രത്തിലെ 16ഉം സ്ഥിരപ്പെടുത്തൽ സംവരണ തത്ത്വം കാറ്റിൽ പറത്തിയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.