കോഴിക്കോട്: ജീവനക്കാരുടെ പാസ്വേഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ തുടരന്വേഷണമാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി സിറ്റി പൊലീസ് മേധാവിക്കും ടൗൺ പൊലീസിലും പരാതി നൽകി.
ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയെന്നാണ് കണ്ടെത്തിയത്. പൊളിക്കാൻ നിർദേശിച്ചതടക്കം ആയിരത്തിലേറെ കെട്ടിടങ്ങൾക്ക് ഒരുവർഷത്തിലേറെയായി വിവിധ സമയങ്ങളിൽ അനുമതി നൽകിയെന്ന് ആരോപണമുയർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതായി കണ്ടെത്തിയ കോഴിക്കോട് മെയിൻ ഓഫിസിലെ റവന്യൂ വിഭാഗം സൂപ്രണ്ട് പി. കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ എൻ.പി. മുസ്തഫ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ. സുരേഷ്, ബേപ്പൂർ മേഖല ഓഫിസിലെ റവന്യൂ ഓഫിസർ പി. ശ്രീനിവാസൻ എന്നിവർക്കെതിരെയാണ് നപടി. ഇവരുടെ യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് പുറത്തുനിന്ന് നഗരസഭയുടെ സോഫ്റ്റ്വെയറിൽ കയറിയാണ് അനധികൃതമായി അനുമതി നൽകിയതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവന്നതായി ബോധ്യപ്പെട്ടതിനാലാണ് ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. കോർപറേഷൻ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ്വെയറായ 'സഞ്ചയ' വഴി റവന്യൂ ഉദ്യോഗസ്ഥരാണ് ഇ-ഫയലുകളിൽ തീർപ്പാക്കുന്നത്. ചട്ടങ്ങൾ പാലിക്കാത്തവയടക്കം നിരവധി കെട്ടിടങ്ങൾക്ക് കോർപറേഷൻ അനുമതി കിട്ടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. യു.ഡി.എഫ്, എൽ.ഡി.എഫ് അനുകൂല യൂനിയനുകളുടെ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് നടപടി. സോഫ്റ്റ്വെയർ പുറത്തുനിന്ന് ദുരുപയോഗം ചെയ്തതിന് തങ്ങളെ ബലിയാടാക്കിയെന്നാരോപിച്ച് തിങ്കളാഴ്ച മുതൽ പ്രക്ഷോഭം നടത്തുമെന്ന് ജീവനക്കാരുടെ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.