വേങ്ങര: സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ എ.ആർ നഗർ സർവിസ് സഹകരണ ബാങ്കിൽ മരിച്ചവരുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയും വൻ തുകയുെട ഇടപാടുകൾ നടന്നു. എ.ആർ നഗർ കല്ലങ്ങാട്ടുവീട്ടിൽ സുകുമാരൻ നായർ, എ.ആർ നഗർ മേലേത്തൊടിയിൽ ഗോവിന്ദൻ നായർ, മേലേത്തൊടി കല്യാണി അമ്മ എന്നീ പരേതരുടെ പേരിലാണ് വൻതുകയുടെ ക്രയവിക്രയം നടന്നത്.
ഉടമകൾ അറിയാതെ അക്കൗണ്ടിൽ വൻ തുക നിക്ഷേപിച്ച കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി അപ്പാടപ്പറമ്പിൽ വേണുഗോപാലെൻറ പേരിൽ 25 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയതായാണ് കോഴിക്കോട് ആദായ നികുതി വിഭാഗം കണ്ടെത്തിയത്. നേരത്തേ കണ്ണമംഗലം തോട്ടശ്ശേരിയറ മഠത്തിൽ ദേവിയുടെ അക്കൗണ്ടിൽ 80 ലക്ഷം കണ്ടെത്തിയിരുന്നു.
വേണുഗോപാലെൻറ അക്കൗണ്ടിൽ പണമുണ്ടായിരുന്ന വിവരം ഈ വർഷം മേയിൽ നോട്ടീസ് ലഭിച്ച് ആദായ നികുതി ഓഫിസിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. 2018ൽ 25 ലക്ഷം നിക്ഷേപിക്കുകയും 2019ൽ പിൻവലിക്കുകയും ചെയ്തു. 2007 മുതൽ ഇദ്ദേഹത്തിന് അക്കൗണ്ടുണ്ടെങ്കിലും ഏറെക്കാലമായി നിർജീവമാണ്.
ഉടമ അറിയാതെ പുതിയ അക്കൗണ്ട് സൃഷ്ടിച്ച് 80 ലക്ഷം രൂപ നിക്ഷേപിച്ചെന്ന പരാതി നേരത്തേയുണ്ട്. കണ്ണമംഗലം തോട്ടശ്ശേരിയറ കക്കോടത്ത് വീട്ടിൽ വിശ്വനാഥെൻറ ഭാര്യ മഠത്തിൽ ബേബിയാണ് (67) പരാതിക്കാരി. 10,000 രൂപ അടക്കാൻ കോഴിക്കോട് ആദായ നികുതി െഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽനിന്ന് ഇക്കഴിഞ്ഞ മേയ് അഞ്ചിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് ഓഫിസിൽ എത്തിയപ്പോഴാണ് ഇവർക്ക് എ.ആർ നഗർ സർവിസ് സഹകരണ ബാങ്കിൽ 80 ലക്ഷത്തിെൻറ നിക്ഷേപമുണ്ടെന്നറിഞ്ഞത്. അംഗൻവാടി വർക്കറായിരുന്ന ദേവി 2010 ലാണ് അക്കൗണ്ട് ആരംഭിച്ചത്.
അംഗൻവാടിക്ക് അടുക്കള നിർമിക്കാനുള്ള ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള ജോയൻറ് അക്കൗണ്ടായിരുന്നു ഇത്. അന്നുനൽകിയ രേഖകൾ ഉപയോഗിച്ചാണ് പുതിയ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചതെന്ന് കരുതുന്നതായി ദേവി പറഞ്ഞു. ആദായ നികുതി ഓഫിസിൽ സത്യപ്രസ്താവന ബോധിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച തിരൂരങ്ങാടി സഹകരണ അസി. രജിസ്ട്രാർ മുമ്പാകെ ഹാജരാകാൻ നിർദേശമുണ്ടെന്നും ദേവി പറഞ്ഞു. വിഷയത്തിൽ തിരൂരങ്ങാടി പൊലീസ് അേന്വഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.