രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ പൊലീസിൽനിന്ന്​ ദുരനുഭവമുണ്ടായെന്ന് അർച്ചന കവി; അന്വേഷണം ആരംഭിച്ചു

കൊച്ചി: രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ പൊലീസിൽനിന്ന്​ ദുരനുഭവമുണ്ടായെന്ന് നടി അർച്ചന കവി. സ്ത്രീകൾ മാത്രമുള്ള യാത്രക്കിടെയുണ്ടായ അനുഭവം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പങ്കുവെച്ചത്. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് പൊലീസ് തടഞ്ഞുനിർത്തി. വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിലേക്ക് പോകുന്നതെന്ന് പൊലീസ് ചോദിച്ചു. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്. തങ്ങൾക്ക് അപ്പോൾ ഒട്ടും സുരക്ഷിതമായി തോന്നിയില്ല.

ചോദ്യം ചെയ്യുന്നതിന് താൻ എതിരല്ലെന്നും എന്നാൽ അതിനൊരു രീതിയുണ്ടെന്നും അവർ പറഞ്ഞു. ഇത് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നുവെന്നും അർച്ചന കവി പറയുന്നു. കേരള പൊലീസ്, ഫോർട്ട്​കൊച്ചി പൊലീസ് എന്നീ ഹാഷ് ടാഗുകളിലാണ് നടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആംഭിച്ചു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോശം പെരുമാറ്റം സംഭവിച്ചിട്ടില്ലെന്നും വാഹന പരിശോധനയുടെ ഭാഗമായുള്ള കാര്യങ്ങള്‍ മാത്രമാണ് അന്ന് നടന്നിട്ടുള്ളതെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. വിവരം രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനെ ധരിപ്പിച്ചതായാണ് സൂചന.

സംഭവം നടന്ന ദിവസം നടി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ മട്ടാഞ്ചേരി അസിസ്റ്റന്‍റ്​ കമീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറും.

Tags:    
News Summary - Archana Kavi says she had bad experience with police while traveling in an autorickshaw at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.