തൃശൂർ: മതേതര കക്ഷിയെന്ന് കരുതിയിരുന്ന കോൺഗ്രസ് തീവ്ര മതമൗലികവാദികളായ രാഷ്ട്രീയ പാർട്ടിയുമായി കൈകോർത്തപ്പോൾ ക്രൈസ്തവ സമൂഹത്തിനുണ്ടായ അരക്ഷിതബോധമാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയത്തിന് ഇടയാക്കിയതെന്ന് തൃശൂർ അതിരൂപത പ്രസിദ്ധീകരണമായ 'കത്തോലിക്കാസഭ'. അർഹിക്കുന്ന തിരിച്ചടിയാണ് യു.ഡി.എഫിന് ലഭിച്ചതെന്നും 'കത്തോലിക്കാസഭ'യിലെ ലേഖനം കുറ്റപ്പെടുത്തുന്നു. അങ്കമാലി-എറണാകുളം രൂപതാ പ്രസിദ്ധീകരണമായ സത്യദീപത്തിലെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് തൃശൂർ അതിരൂപത പ്രസിദ്ധീകരണത്തിെൻറ വിമർശനം.
കോൺഗ്രസിനെ നയിക്കുന്നത് മുസ്ലിം ലീഗ് ആണോ, യു.ഡി.എഫിെൻറ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്നിങ്ങനെ മുഖ്യമന്ത്രി ഉന്നയിച്ച പരാമർശത്തെ കൂട്ടുപിടിച്ചാണ് 'കത്തോലിക്കാസഭ'യുടെ വിമർശനം. എളുപ്പത്തിൽ ജയിച്ചു കയറാമായിരുന്നിട്ടും തമ്മിലടിയും അനൈക്യവും ഗ്രൂപ് പോരുംകൊണ്ട് സ്വയം ദുർബലമാക്കിയ കോൺഗ്രസ് പരാജയങ്ങളിൽനിന്ന് പാഠം പഠിക്കുന്നില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള രഹസ്യ നീക്കുപോക്കുകൾക്ക് യു.ഡി.എഫ് നിന്നുകൊടുത്തത് ഉള്ള വിശ്വാസ്യതയും ഇല്ലാതാക്കി.
എക്കാലത്തും യു.ഡി.എഫിനെ പിന്തുണച്ച ക്രൈസ്തവ സമുദായങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. ഒരു ഘടകകക്ഷിക്ക് കോൺഗ്രസ് വഴങ്ങുന്ന നയം മൂലം യു.ഡി.എഫ് വിജയിച്ചാലും ഭരിക്കുക കോൺഗ്രസ് ആയിരിക്കില്ലെന്ന സന്ദേഹം വളരുകയാണ്. മതസൗഹാർദത്തിന് വലിയ സംഭാവന നൽകിയ മുസ്ലിം ലീഗിെൻറ നല്ല നിലപാടുകൾ ആ സമുദായത്തിലെ ചില തീവ്രവാദ ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തതായി വേണം മനസ്സിലാക്കാനെന്നും ലേഖനം പറയുന്നു.
ക്രൈസ്തവ സഭകളുമായി ആശയവിനിമയത്തിന് കോൺഗ്രസ്
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈകമാൻഡ് നീക്കം തുടങ്ങി. മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ കർദിനാൾ ക്ലീമിസ് ബാവയുമായി എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. സഭയുടെ ആശങ്ക കർദിനാൾ നേതാക്കളെ അറിയിച്ചു.
സൗഹൃദ സന്ദർശനമായിരുന്നെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും താരിഖ് അൻവർ മാധ്യമങ്ങേളാട് പറഞ്ഞു. എ.െഎ.സി.സി സെക്രട്ടറി ഇവാൻ ഡിസൂസയും ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മതമേലധ്യക്ഷരുമായി ഉന്നത നേതാക്കൾ കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ് നേതാക്കളും െക്രെസ്തവ സഭ മേലധ്യക്ഷരെ കാണുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത േവാട്ടുകൾ ചോർന്നതാണ് പരാജയ കാരണമെന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജില്ല കമ്മിറ്റികളിൽ വലിയ അഴിച്ചുപണി വേണ്ടെന്നാണ് പൊതുനിലപാട്. സംസ്ഥാനത്ത് പാർട്ടിയുടെ മുഴുവൻ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ ധാരണയായിരുന്നു.
ചൊവ്വാഴ്ച പോഷക സംഘടനാ ഭാരവാഹികളുമായി ഹൈകമാൻഡ് പ്രതിനിധികൾ ആശയവിനിമയം നടത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഗ്രൂപ് വീതം വെപ്പാണെന്ന് പോഷക സംഘടനകളും നിലപാടെടുത്തു.
യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഒരു തലത്തിലും പരിഗണിച്ചില്ലെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും വ്യക്തമാക്കി. ഇത് മാറിയേ മതിയാകൂ. വനിതകളെ പരിഗണിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചെന്ന പരാതി മഹിള കോൺഗ്രസും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.