കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ കണ്ണൂര്‍ -ആലപ്പുഴ (16308) എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റിയത് ജീവനക്കാരുടെ അശ്രദ്ധ കാരണമെന്ന് അന്വേഷണ റിപ്പോർട്ട്. റെയിൽവേ ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർക്ക് സമർപ്പിക്കും.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്ത്, ട്രാഫിക് വിഭാഗം ജീവനക്കാരായ കെ. സുനിത, കെ.എം. ഷംന, സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
ട്രാക്ക് ക്രമീകരിക്കുന്നതിൽ വന്ന വീഴ്ചയെതുടർന്നാണ് എക്സിക്യൂട്ടിവ് എക്സ്പ്രസ് പാളംതെറ്റിയത്. അഞ്ചാം ട്രാക്കിലുണ്ടായിരുന്ന വണ്ടിക്ക് പകരം നാലാം ട്രാക്കിലെ ട്രെയിനിനാണ് സിഗ്നൽ നൽകിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ തമ്മിൽ ആശയവിനിമയത്തിലുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയത്.
റെയിൽവേ ഏരിയ ഓഫിസർ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ജനുവരി 20ന് പുലർച്ച 4.45നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ പിറകിലെ രണ്ടു കോച്ചുകള്‍ പാളംതെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.