പത്തനംതിട്ട : മദ്യംവാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. പെരുമ്പെട്ടി കൊറ്റനാട് വട്ടക്കുന്നേൽ വീട്ടിൽ നിന്നും എരുമേലി തെക്ക് കൊടിത്തോട്ടം പഴയിടം വീട്ടിൽ താമസിക്കുന്ന ഷൈജുവിനെയാണ് (26) ശിക്ഷിച്ചത്.
റാന്നി പോലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജയകുമാർ ജോണാണ് വിധിപുറപ്പെടുവിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. കേസിൽ ആകെയുള്ള മൂന്ന് പ്രതികളിൽ രണ്ടാംപ്രതി പഴവങ്ങാടി കരികുളം മോതിരവയൽ പുലിയള്ളു വാലുപറമ്പ് വീട്ടിൽ ബിനുവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.
മൂന്നാം പ്രതി ചാക്കോ, കേസിന്റെ വിചാരണ നടപടികൾ തുടങ്ങുംമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. റാന്നി പഴവങ്ങാടി ചെറുകുളഞ്ഞി ചാവരുപാറ പുതുപ്പറമ്പിൽ ബിജുവാണ് (ബിനുമോൻ) കൊല്ലപ്പെട്ടത്. 2015 ഡിസംബർ 24 നാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളായ മൂവരും ചേർന്ന് കമ്പുകൊണ്ട് അടിച്ച് ബിജുവിനെ പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കേൽക്കുകയും വാരിയെല്ലുകൾ പൊട്ടുകയും ചെയ്ത ബിജു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചു.
ബിജുവിന്റെ പിതാവിന്റെ മൊഴിപ്രകാരം റാന്നി പൊലീസ് കേസ് രജിസ്റ്റർചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടർ അബ്ദുൽ റഹീമാണ് കേസ് അന്വേഷിച്ചത്. തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ പി.വി. രമേശ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക ബിജുവിന്റെ പിതാവിന് നൽകണം. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.