തൊടുപുഴ: ചിന്നക്കനാലിൽ നാട്ടിലിറങ്ങി അരി തിന്നു ശീലിച്ച അരിക്കൊമ്പനെ കാടുമാറ്റിയാൽ മര്യാദക്കാരനാക്കാമെന്ന കേരളത്തിലെ ആനവിദഗ്ധരുടെ ഉപദേശം അമ്പേ പാളി. ചിന്നക്കനാലിൽ ഉണ്ടാക്കിയതിനേക്കാൾ ഗുരുതര കുഴപ്പങ്ങളാണ് തമിഴ്നാട്ടിലെ കമ്പത്ത് ആന സൃഷ്ടിച്ചത്. എവിടെ വിട്ടാലും അരിക്കൊമ്പൻ നാടുതേടിയെത്തുമെന്ന് ഉറപ്പിക്കാവുന്ന സംഭവങ്ങളാണ് കമ്പത്തുണ്ടായതെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. തലേന്ന് രാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസ മേഖലക്ക് തൊട്ടടുത്ത് എത്തിയ ആനയെ ഏറെ പണിപ്പെട്ടാണ് കാട്ടിലേക്ക് തുരത്തിയത്.
റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചാൽ അപകടം ഒഴിവാക്കാനാകുമെന്ന വിശ്വാസവും ഇല്ലാതായിട്ടുണ്ട്. ആന വന്ന് എറെ സമയം കഴിഞ്ഞാണ് സിഗ്നൽ കിട്ടുന്നത് എന്നതാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിനു തീറ്റയും വെള്ളവും കിട്ടുന്ന പെരിയാർ കടുവ സങ്കേതത്തിലെ മേദക്കാനത്ത് എത്തിച്ചാൽ അരിക്കൊമ്പന്റെ ശല്യം തീരുമെന്നായിരുന്നു ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഉപദേശം. നേരത്തേ പറമ്പിക്കുളത്തേക്ക് അയക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ബഹുജനപ്രക്ഷോഭത്തെ തുടർന്നാണ് പെരിയാർ കടുവ സങ്കേതത്തിലാക്കാൻ തീരുമാനിച്ചത്.
അപകടകാരികളായ കാട്ടാനകളെ മയക്കുവെടിവെച്ച് പിടിച്ച് ആവശ്യമായ പരിശീലനം നൽകി കുങ്കി ആനകളാക്കുന്ന നടപടിയാണ് ആന ആക്രമണം തടയാനുള്ള ഫലപ്രദമായ നടപടിയെന്നായിരുന്നു കേരള വനം വകുപ്പിന്റെ നിലപാട്. അരിക്കൊമ്പനുവേണ്ടി 2023 മാർച്ച് 22നാണ് പീപ്പിൾ ഫോർ അനിമൽ എന്ന സംഘടന ഹൈകോടതിയിൽ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ പൊതുതാൽപപര്യ ഹരജി നൽകുന്നത്.
അരി അടക്കമുള്ള ഭക്ഷണവും വെള്ളവും വനത്തിൽ കിട്ടാത്തതുകൊണ്ടാണ് അരിക്കൊമ്പൻ നാട്ടിലിറങ്ങുന്നതെന്ന് ഹരജിക്കാർ വാദിച്ചു. എന്നാൽ, തിരുവനന്തപുരത്ത് തെരുവുനായെ സ്കൂട്ടറിൽ കെട്ടിവലിച്ചുകൊണ്ടുപോയ വിഷയത്തിൽ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും പി. ഗോപിനാഥും 2021 ജൂലൈ രണ്ടിനു സ്വന്തം നിലയിൽ എടുത്ത പൊതുതാൽപര്യ ഹരജിയിലാണ് അരിക്കൊമ്പനെ പിടിച്ചു കൂട്ടിലടക്കരുതെന്ന ഉത്തരവ് മാർച്ച് 23ന് ഹൈകോടതി പുറപ്പെടുവിച്ചത്. രണ്ടംഗ ബഞ്ച് രാത്രിയിൽ ചേർന്ന് അരിക്കൊമ്പനെ പിടിക്കരുതെന്ന വിധി പുറപ്പെടുവിച്ചത് നിയമവിദഗ്ധർക്ക് അത്ഭുതമായിരുന്നു.
ഏഴുപേരെ കൊന്ന അരിക്കൊമ്പൻ നിരുപദ്രവകാരിയാണെന്ന പരാമർശവും നായെ സ്കൂട്ടറിൽ കെട്ടിവലിച്ച കേസ് പരിഗണിക്കവെ അരിക്കൊമ്പനെ കൂട്ടിലടക്കരുതെന്ന വിധിയുണ്ടായതും ശരിയല്ലെന്നതുമടക്കം നിരവധി ആശങ്കകൾ പങ്കുവെച്ച് 64 സംഘടനകൾ ഹൈകോടതി ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഹൈകോടതി ഇടപെട്ടതിനാൽ കാട്ടാനയെ കാടുമാറ്റുക മാത്രമാണ് കേരള വനംവകുപ്പിന് ചെയ്യാനാവുമായിരുന്നത്. എന്നാൽ, അരിക്കൊമ്പനെ കൂട്ടിലാക്കി മെരുക്കാൻ തമിഴ്നാട് വനംവകുപ്പിന് തടസ്സമില്ല. 2023 മാർച്ച് 29ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും വിക്രം നാഥും അടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബഞ്ച് മൃഗസ്നേഹികളുടെ സംഘടന നൽകിയ ഹരജി തള്ളി മൃഗങ്ങൾക്ക് മുകളിലാണ് മനുഷ്യരുടെ അവകാശങ്ങൾ എന്ന് വിധിച്ചിട്ടുണ്ട്. ഓരോ ആനയുടെയും മുൻകാല ചരിത്രം അടിസ്ഥാനമാക്കി മാത്രമേ അവയെ മാറ്റിപ്പാർപ്പിക്കുകയോ തുറന്നുവിടുകയോ ചെയ്യാവൂ എന്ന് 2023 മാർച്ചിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നുമുണ്ട്. ഇവ മുൻനിർത്തി അരിക്കൊമ്പനെ കൂട്ടിലാക്കാൻ തമിഴ്നാട് വനംവകുപ്പിന് കഴിയും.
അതേസമയം, കർണാടകത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പു ജീവനക്കാർ ആനകളെ വെടിയൊച്ച കേൾപ്പിച്ച് പേടിപ്പിച്ചും കേരള വനത്തിലേക്കു വിടുന്നതു പതിവാണ്. അരിക്കൊമ്പനെ വരെ 2014ൽ തമിഴ്നാട് കേരളത്തിലേക്കോടിച്ചതാണെന്നും വനം ഉദ്യോഗസ്ഥർ പറയുന്നു. അവസരം കിട്ടിയപ്പോൾ കേരളം അതിനെ തിരിച്ചോടിച്ചു. ഇതിനിടയിൽപെട്ട് നട്ടംതിരിയുന്നത് കുടിയേറ്റകർഷകരാണെന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.