ശബരിമല: മണ്ഡലകാലത്തിന് മുമ്പ് പമ്പയില്‍ താൽക്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തില്‍ പാലം ഒലിച്ചുപോയ പമ്പയില്‍ തീര്‍ഥാടനം സുഗമമാക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പാലമാണ് സൈന്യം നിര്‍മിക്കുക. ഒന്ന് തീര്‍ഥാടകര്‍ക്ക് നടന്നുപോകാനും മറ്റൊന്ന് ആംബുലന്‍സ് അടക്കം അത്യാവശ്യവാഹനങ്ങള്‍ കടന്നുപോകാനുമാണ്. പമ്പയുടെ ഹില്‍ടോപ്പില്‍ തുടങ്ങി ഗണപതിക്ഷേത്രംവരെ ബന്ധിപ്പിച്ചായിരിക്കും പാലം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി സാമഗ്രികള്‍ എത്തിയാല്‍ മണിക്കൂറുകള്‍ക്കകം പാലം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. സ്ഥലം നിര്‍ണയിക്കാൻ മിലിട്ടറി, ദേവസ്വം ബോര്‍ഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. നിര്‍മാണം വേഗത്തിലാക്കാന്‍ ചുമതല പൂര്‍ണമായി സൈന്യത്തെ ഏൽപിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തെതുടര്‍ന്ന് അടിഞ്ഞ മണ്ണ് നീക്കി പമ്പയുടെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കും. ഇനി മുതല്‍ പമ്പയുടെ തീരത്ത് ഒരുതരത്തിലുമുള്ള സ്ഥിരം നിര്‍മാണവും അനുവദിക്കില്ല. കച്ചവടത്തിനും മറ്റുമായി സീസണ്‍ കഴിഞ്ഞാല്‍ പൊളിച്ചുമാറ്റാവുന്ന താൽക്കാലിക ഷെഡുകള്‍ മാത്രമേ ഇനിയുണ്ടാവൂ. തകരാറിലായ ടോയ്ലറ്റ് ബ്ലോക്കുകള്‍ക്ക് പകരം താൽക്കാലിക ബയോടോയ്ലറ്റുകള്‍ സ്ഥാപിക്കും. സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരം താൽക്കാലിക മണ്ഡപം നിര്‍മിക്കും. തീര്‍ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കാൻ എല്ലാ വാഹനങ്ങളും നിലയ്ക്കല്‍വരെയേ അനുവദിക്കൂ. കെ.എസ്.ആർ.ടി.സിയുടെ ചെയിന്‍ സര്‍വിസ് ഉപയോഗപ്പെടുത്തിയാവും തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് കൂപ്പ് റോഡ് വഴി ഹില്‍ടോപ്പിലൂടെ വണ്‍വേ സംവിധാനം നടപ്പാക്കും.
വെള്ളപ്പാച്ചിലില്‍ തകർന്ന കുടിവെള്ള സംവിധാനം പരിഹരിക്കുന്നതുവരെ താൽക്കാലിക സംവിധാനം ഒരുക്കും. ശബരിമലയിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് ടവറുകള്‍ സ്ഥാപിക്കാനും വൈദ്യുതി എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ചാലക്കയം-പമ്പാ റോഡ് ദേവസ്വം ബോര്‍ഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കും. റോഡില്‍ അപകടകരമായ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം വകുപ്പ് നടപടി എടുക്കും. റോഡുകളില്‍ വെള്ളപ്പാച്ചില്‍ മൂലം ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സര്‍വേ നടത്തും. പമ്പയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ബലപ്പെടുത്തും. അവലോകന യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 15 ദിവസം കഴിയുമ്പോള്‍ വീണ്ടും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.