തിരുവനന്തപുരം: അബ്കാരി കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം എക്സൈസ് ഒരു കേസിലെ പ്രതിയെ രണ്ടുതവണ അറസ്റ്റ് ചെയ്ത നടപടി വിചിത്രവും ക്രിമിനൽ നടപടി ചട്ടത്തിൽ ഇല്ലാത്തതുമാണെന്ന് കോടതി. കേസിൽ അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശിന്റെ (24) ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹന്റേതാണ് ഉത്തരവ്.
2022 ജൂലൈ 25ന് രാവിലെ 10.30നാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വെച്ച് പ്രതി കൃഷ്ണപ്രകാശിനെ ഇരിങ്ങാലക്കുട പൊലീസ് 3000 ലിറ്റർ മദ്യം കൈവശം വെച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ ആഗസ്റ്റ് 24ന് ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു. ഈ ഉത്തരവിൽ പ്രതിക്കെതിരെ ഒരു അബ്കാരി കേസ് ഉണ്ടെന്ന് പരാമർശിച്ചിരുന്നു.
തുടർന്ന് 2022 ഒക്ടോബർ 30ന് ഹൈകോടതി ഉത്തരവിൽ പരാമർശിച്ച കേസിൽ ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ പ്രതിയുടെ കഴക്കൂട്ടത്തെ വീട്ടിൽ മൂന്ന് ലിറ്റർ മദ്യം സൂക്ഷിച്ച കേസിൽ കഴക്കൂട്ടം എക്സൈസ് സബ് ഇൻസ്‌പെക്ടറുടെ സംഘം കേസെടുക്കുകയും ഇരിങ്ങാലക്കുട സബ് ജയിലിൽ എത്തി 2022 ഡിസംബർ എട്ടിന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഈ കേസിലും ഹൈകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
ഇരിങ്ങാലക്കുട സബ് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയ കേസിൽ കഴക്കൂട്ടം എക്സൈസ് സംഘം വീണ്ടും ഡിസംബർ 13ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പ്രവൃത്തി നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന പ്രതിയുടെ അഭിഭാഷകൻ ജിമ്മി കിഷോർ കുമാറിന്റെ വാദം പരിഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ എക്സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.