വടക്കാഞ്ചേരി: ചിത്രകല നിരൂപകനും ഗ്രന്ഥകർത്താവുമായ വിജയകുമാർ മേനോൻ (76) നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ എളമക്കരയിൽ ചെറ്റക്കൽമഠം വീട്ടിൽ കാർത്യായനി അമ്മയുടെയും അനന്തൻപിള്ളയുടെയും മകനായാണ് ജനിച്ചത്.
ബറോഡ സർവകലാശാലയിൽ നിന്ന് കലാചരിത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ ഫൈൻ ആർട്സ് കോളജുകളിൽ കലാചരിത്രം, ലാവണ്യശാസ്ത്രം എന്നിവ പഠിപ്പിച്ചു. കുറച്ചുകാലം ഉദ്യോഗമണ്ഡൽ ഫാക്‌ടിലും ജോലി ചെയ്തിട്ടുണ്ട്.
ആധുനിക കലാദർശനം, രവിവർമ, ഭാരതീയ കല 20ാം നൂറ്റാണ്ടിൽ, ദൈവത്തായ്, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങൾ, ബ്രീഫ് സർവേ ആർട്ട് സിനിയേറിയോ കേരള രാജാ രവിവർമ ക്ലാസിക്സ് തുടങ്ങിയ കലാപഠന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. യൂജിൻ അയൊനെസ്‌കോയുടെ ദ ചെയർസ്, ലോർക്കയുടെ ബ്ലഡ് വെഡിങ്, ഷെനെയുടെ ദ മെയ്ഡ് തുടങ്ങിയ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
കേരള ലളിതകല അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാർഡ്, കേസരി പുരസ്കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ്, സി.ജെ സ്മാരക പ്രസംഗസമിതി അവാർഡ്, ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരം, ഗുരുദർശന അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
13 വർഷമായി വടക്കാഞ്ചേരി വ്യാസഗിരി ജ്ഞാനാശ്രമത്തിലെ അന്തേവാസിയായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരുമണി വരെ ലളിതകല അക്കാദമി ആസ്ഥാനമന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം അമല മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.