തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എ.ഐ.വൈ.എഫ്. സന്ദീപാനന്ദഗിരിക്കെതിരായി സംഘപരിവാർ ഭീഷണി നിലനിൽക്കുകയായിരുന്നു.സ്വാമിയെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും നിരന്തരമായി ഹിന്ദുവർഗീയവാദികൾ ശ്രമിക്കുന്നത് കേരളം പലതവണ കണ്ടതാണ്. ഭയപ്പെടുത്തി നിശബ്ദമാക്കുക എന്ന തന്ത്രമാണ് സംഘപരിവാർ നടപ്പാക്കുന്നതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ആശ്രയം ആക്രമിച്ചതിനോടുള്ള ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പ്രതികരണം പല സംശയങ്ങൾക്കും ഇട നൽകുന്നതാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ആക്രമണത്തിനുപിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിക്ക് അനുകൂലമായി നിലപാടെടുത്ത സന്ദീപാനന്ദഗിരിയെ ആശയം കൊണ്ട് നേരിടാനാകാതതുകൊണ്ടാണ് ആശ്രമത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.