നാദാപുരം: യൂത്ത്ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലം വധക്കേസിലെ അവസാന പ്രതിയും കീഴടങ്ങി. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി വളയം മുത്തങ്ങച്ചാലിൽ പ്രമോദ് (42) വ്യാഴാഴ്ച രാവിലെ 11.30ഒാടെ സി.പി.എം പ്രവർത്തകർക്കൊപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട 14ാം പ്രതിയാണ് പ്രമോദ്. കഴിഞ്ഞദിവസം വളയം മുതുകുറ്റിയിൽ പുഴക്കൽ സുമോഹനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. പൊലീസ് ഇവരെ തിരികെ എത്തിക്കാൻ ശ്രമം നടത്തി വരുന്നതിനിടെ ഈയിടെ തിരിച്ചെത്തി. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ നേപ്പാൾ വഴിയാണ് പ്രതികൾ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വധക്കേസിൽ 16 പേരെ പ്രതിചേർത്താണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . ഗൂഢാലോചന കേസിൽ ഉൾപ്പെട്ട പ്രമോദ് കീഴടങ്ങിയതോടെ 16 പേരും പിടിയിലായി.
2016 ആഗസ്റ്റ് 12നാണ് അസ്ലം കൊലചെയ്യപ്പെട്ടത്. രണ്ടുവർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ യൂത്ത്ലീഗ് സമരരംഗത്താണ്. ഇതിനിടെയാണ് മുഴുവൻ പ്രതികളും അറസ്റ്റിലാവുന്നത്.
പ്രതികൾ അറസ്റ്റിലായെങ്കിലും കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.