തിരുവനന്തപുരം : വിജ്ഞാന വിനിമയങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികള്‍ അനുവാചകരിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു.
ജനുവരി ഏഴ് മുതല്‍ 13 വരെ നിയമസഭ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ ‘എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം’ എന്ന സെക്ഷനിലാണ് അവാര്‍ഡുകള്‍ നേടിയവര്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത എഴുത്തുകാര്‍ സര്ഗസൃഷ്ടികളെക്കുറിച്ചും വായന ലോകത്തെക്കുറിച്ചും മനസ് തുറക്കുക.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ബെന്യാമിനും ബിപിന്‍ ചന്ദ്രനും സംവദിക്കും. പ്രൊഫ. ആദിത്യ മുഖര്‍ജി നെഹ്റുസ് ഇന്ത്യ എന്ന തന്റെ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിക്കും. നാട്ടുനനവൂറുന്ന കഥയുടെ കൈവഴികളെക്കുറിച്ച് ഫ്രാന്‍സിസ് നൊറോണയും ജിസ ജോസും ജേക്കബ് എബ്രഹാമും തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന തന്റെ രചനയായ ഉലയെക്കുറിച്ച് കെ വി മോഹന്‍കുമാറും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പങ്കുവക്കും.
അശ്വതി ശ്രീകാന്ത്, വിനില്‍ പോള്‍, അഖില്‍ പി ധര്മജന്, നിമ്ന വിജയ്, ബിനീഷ് പുതുപ്പണം, പ്രിയ എ എസ്, പി കെ പാറക്കടവ്, സുഭാഷ് ചന്ദ്രന്, ചന്ദ്രമതി, ഗ്രേസി, ഇ.കെ ഷാഹിന, സുസ്മേഷ് ചന്ത്രോത്ത് എന്നിവരും ഈ വിഭാഗത്തില്‍ സാഹിത്യലോകത്തെ സ്പന്ദനങ്ങളുമായി എത്തുന്നുണ്ട്. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും.
ദിവസവും വൈകിട്ട് ഏഴു മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കാനും പുസ്തകങ്ങള്‍ കാണുവാനും വാങ്ങാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.