കൊയിലാണ്ടി: സോഷ്യലിസ്റ്റുകൾ ഉഴുതുമറിച്ച രാഷ്ട്രീയ മണ്ണാണിത്. അവിടെ പിന്നീട് യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി വിജയഭേരി മുഴക്കി.1957ൽ രൂപവത്കൃതമായതാണ് കൊയിലാണ്ടി മണ്ഡലം. പുഴകളും അറബിക്കടലും അതിരിടുന്ന കൊയിലാണ്ടി പ്രാക്തന സംസ്കൃതിയുടെ കേന്ദ്രം കൂടിയാണ്.
പൗരാണിക കാലത്തെ ശ്രദ്ധേയ തുറമുഖപട്ടണമായിരുന്നു പന്തലായനി കൊല്ലം. വിദേശ രാജ്യങ്ങളുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയിരുന്നു. വൈദേശികതയുടെ ആദ്യ കാൽപാടുകൾ പതിഞ്ഞ മണ്ഡലം കൂടിയാണിത്.
പോരാട്ട വീര്യത്തിെൻറയും രാഷ്ട്രീയ പ്രബുദ്ധതയുടെയും നാട്. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, കെ. കേളപ്പൻ, സി.എച്ച്. മുഹമ്മദ് കോയ, ഉമർ ബാഫഖി തങ്ങൾ, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ രാഷ്ട്രീയ അങ്കത്തിലേക്ക് കാൽ വെച്ച പ്രദേശം. ആദ്യ മന്ത്രിസഭയിലെ അംഗം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ തട്ടകം കൂടിയാണിത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പതാകവാഹകരായി മുന്നിൽ നടന്നവരുടെ നാട് .1957 മുതൽ 1970 വരെ നടന്ന നാലു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയത് സോഷ്യലിസ്റ്റ് സ്ഥാനാർഥികൾ.പി.എസ്.പിയിലെ കെ. കുഞ്ഞിരാമൻ നമ്പ്യാരാണ് ആദ്യ വിജയി.1957ൽ കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസിലെ പി. അച്യുതൻ നായരെ തോൽപ്പിച്ചു.'60 ലും വിജയം കുഞ്ഞിരാമൻ നമ്പ്യാരോടൊപ്പം നിന്നു.
സ്വതന്ത്ര സ്ഥാനാർഥി രാമകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. '65ൽ എസ്.എസ്.പിയിലെ കെ.ബി. മേനോൻ കോൺഗ്രസിലെ ഇ. രാജഗോപാലൻ നായരെ തോൽപിച്ചു. '67ൽ എസ്.എസ്.പിയിലെ പി.കെ. കിടാവ് കോൺഗ്രസിലെ കെ. ഗോപാലനെ പരാജയപ്പെടുത്തി. 1970ൽ കോൺഗ്രസിലെ ഇ. നാരായണൻ നായരിലൂടെ യു.ഡി.എഫ് മണ്ഡലം കൈവശപ്പെടുത്തി. ഐ.എസ്.പിയിലെ പി.കെ. അപ്പു നായരായിരുന്നു എതിരാളി.
പിന്നീടു നടന്ന അഞ്ചു തെരഞ്ഞെടുപ്പുകൾ വരെ കോൺഗ്രസ് വിജയം ആവർത്തിച്ചു.1977-ൽ ഇ. നാരായണൻ നായർ ബി.എൽ.ഡിയിലെ ഇ. രാജഗോപാലൻ നായർക്കെതിരെ വിജയം നേടി.
1980, '82 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. കുട്ട്യാലി വിജയിയായി.സി.പി.എമ്മിലെ പി.കെ. ശങ്കരനും കോൺഗ്രസ് എസിലെ സി.എച്ച്. ഹരിദാസുമായിരുന്നു യഥാക്രമം എതിരാളികൾ.
1987ൽ കോൺഗ്രസിലെ എം.ടി. പത്മ സി.പി.എമ്മിലെ ടി. ദേവിക്കെതിരെ വിജയം നേടി. ' 91 ലും എം.ടി. പത്മ വിജയം ആവർത്തിച്ചു. സി.പി.എമ്മിലെ സി. കുഞ്ഞമ്മദ് ആയിരുന്നു എതിരാളി. 1996ൽ മണ്ഡലം ചരിത്രം തിരുത്തി. സി.പി.എമ്മിലെ പി. വിശ്വനിലൂടെ ഇടതു മുന്നണി വിജയം കണ്ടു. കന്നി പോരാട്ടത്തിൽ കോൺഗ്രസിലെ പി. ശങ്കരനെയാണ് തോൽപിച്ചത്.
എന്നാൽ, 2001ൽ പി. ശങ്കരനിലൂടെ യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചെങ്കിലും തുടർന്നു നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.എം സ്ഥാനാർഥികളിലൂടെ എൽ.ഡി.എഫ് ആധിപത്യം സ്ഥാപിച്ചു.
2006 ൽ പി. ശങ്കരനെ തോൽപിച്ച് പി. വിശ്വൻ ഒരിക്കൽ കൂടി ജേതാവായി. 2011ൽ കോൺഗ്രസിലെ കെ.പി. അനിൽകുമാറിനെ സി.പി.എമ്മിലെ കെ. ദാസൻ പരാജയപ്പെടുത്തി. 2016ൽ വൻ ഭൂരിപക്ഷത്താൽ ദാസൻ ജേതാവായി. കോൺഗ്രസിലെ എൻ.സുബ്രഹ്മണ്യത്തിനെതിരെയാണു വിജയം നേടിയത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് നേരിയ മുൻതൂക്കം. സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് ആഴത്തിൽ വേരുകളുണ്ട്.
കൊയിലാണ്ടി, പയ്യോളി നഗരസഭകൾ, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകൾ ഉൾപെട്ടതാണ് കൊയിലാണ്ടി മണ്ഡലം. പയ്യോളി നഗരസഭ യു.ഡി.എഫും മറ്റുള്ളവ എൽ. ഡി. എഫും ഭരിക്കുന്നു.
1957 കെ.കുഞ്ഞിരാമൻ നമ്പ്യാർ -പി.എസ്.പി
1960 കെ.കുഞ്ഞിരാമൻ നമ്പ്യാർ -പി.എസ്.പി
1965 കെ.ബി.മേനോൻ -എസ്.എസ്.പി
1967 പി.കെ.കിടാവ് -എസ്.എസ്.പി
1970 ഇ.നാരായണൻ നായർ -കോൺഗ്രസ്
1977 ഇ.നാരായണൻ നായർ -കോൺഗ്രസ്
1980 എം.കുട്ട്യാലി -കോൺഗ്രസ്
1982 എം.കുട്ട്യാലി- കോൺഗ്രസ്
1987 എം.ടി.പത്മ -കോൺഗ്രസ്
1991 എം.ടി.പത്മ -കോൺഗ്രസ്
1996 പി.വിശ്വൻ -സി.പി.എം
2001 പി.ശങ്കരൻ -കോൺഗ്രസ്
2006 പി.വിശ്വൻ -സി.പി.എം
2011 കെ.ദാസൻ -സി.പി.എം
2016 കെ.ദാസൻ -സി.പി.എം
കെ. ദാസൻ
സി.പി.എം 70,593
എൻ. സുബ്രഹ്മണ്യൻ
കോൺ: 57, 224
കെ. രജനീഷ് ബാബു.
ബി.ജെ.പി 22,087
ഭൂരിപക്ഷം: 13, 369
കെ. മുരളീധരൻ
കോൺ: 87061
പി. ജയരാജൻ
സി.പി.എം 69465
വി.കെ. സജീവൻ
ബി.ജെ.പി 8404
ഭൂരിപക്ഷം 17,596
എൽ.ഡി.എഫിനു ലഭിച്ച
വാർഡുകൾ 80
യു.ഡി.എഫിനു ലഭിച്ച
വാർഡുകൾ 65
എൻ.ഡി.എക്ക് ലഭിച്ച
വാർഡുകൾ 7
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.